Skip to main content

ജൂലൈ 15 അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി ബഹു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രിയുടെ പത്രസമ്മേളനം 

 

ഇന്ന് ജൂലൈ 15, അന്താരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക യുവജന നൈപുണ്യ ദിനമായി ആചരിക്കുകയാണ്. മനുഷ്യ വിഭവ ശേഷി പ്രയോജനപ്പെടുത്തി സാമൂഹിക സാമ്പത്തിക വളർച്ച നേടുന്നതിൽ മാതൃക സൃഷ്ടിച്ച സംസ്ഥാനം എന്ന നിലയിൽ, ലോക യുവജന നൈപുണ്യ ദിനത്തിന് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്.
ഏകദേശം 40 ലക്ഷത്തോളം വരുന്ന മലയാളി സഹോദരങ്ങൾ ലോകത്തെ ഏതാണ്ട് 182 രാജ്യങ്ങളിലായി തങ്ങളുടെ തൊഴിൽ വൈദഗ്ദ്ധ്യം സംഭാവന ചെയ്യുക വഴി  ആ രാജ്യങ്ങളുടെ അഭിവൃത്തിയ്ക്കായി പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനിടയിൽ കഠിനാദ്ധ്വാനികളും, കർമ്മകൗശലരും, ആത്മസമർപ്പണവും, മികച്ച തൊഴിൽ വൈദഗ്ദ്ധ്യവും ഒത്തുചേർന്നിട്ടുള്ള ജനവിഭാഗം എന്ന ഖ്യാതി നാം ഇതിനോടകം നേടിയിട്ടുണ്ട്.
ആസ്ത്രേലിയ, ജർമ്മനി, ഫിൻലാൻഡ് തുടങ്ങി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും കേരളത്തിൽനിന്ന് കൂടുതൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനായി നിരന്തരം സംസ്ഥാന സർക്കാരിനെ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി എന്ന നിലയിൽ കഴിഞ്ഞ മൂന്നു വർഷക്കാലം ഇത്തരം നിരവധി ഉന്നതതല രാജ്യാന്തര സംഘങ്ങളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി നടപടികൾ സ്വീകരിക്കാനായത് ഞാൻ അഭിമാനപൂർവ്വം ഓർക്കുന്നു. 

മാനവ വിഭവ ശേഷി വികസനത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തേണ്ടത്, സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിന് നിർണായകമാണ്. നിർമ്മിത ബുദ്ധിയുൾപ്പെടെ നവയുഗ വിവരസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അനുദിനം മാറുന്ന തൊഴിൽ മേഖലകൾക്കനുസരിച്ച് മാനവ വിഭവ ശേഷി പരുവപ്പെടുത്തി എടുക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണ്. ആഗോളതലത്തിൽ തന്നെ തൊഴിൽരംഗം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഒട്ടനവധി പരമ്പരാഗത തൊഴിൽ മേഖലകൾ ഇല്ലാതാവുന്നു, നിരവധി പുതിയ തൊഴിൽ മേഖലകൾ ആവിർഭവിക്കുന്നു, നാലാം വ്യാവസായിക വിപ്ലവം ആവർത്തിത സ്വഭാവമുള്ള തൊഴിൽ പ്രക്രിയകളെ യന്ത്രവൽക്കരിക്കുന്നു, മനുഷ്യ-യന്ത്ര കൂട്ടുപ്രവർത്തനം സാർവത്രികമാകുന്നു, തുടങ്ങി ലോകത്ത് വിവിധ തൊഴിൽ മേഖലകളിൽ സമൂലമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.
സംസ്ഥാനത്തെ തൊഴിൽരംഗവും അനുദിനം സങ്കീർണ്ണമായി കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയെക്കാൾ മികച്ച എൻറോൾമെൻറ് ഉള്ള സംസ്ഥാനത്ത്, അഭ്യസ്ത വിദ്യാർത്ഥിർക്കിടയിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്ന നിലയിലാണ്.
പരമ്പരാഗത തൊഴിൽ മേഖലകളിൽ പലതും ലാഭകരമല്ലാതാവുകയും, കുറെയൊക്കെ കാലഹരണപ്പെടുകയും ചെയ്തത് മൂലം അസംഘടിത തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുന്നു. അതോടൊപ്പം കോവിഡ് പടർന്നു പിടിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങിയ പ്രവാസികളിൽ വലിയ ഒരു വിഭാഗം ജീവിതായോധനത്തിനുള്ള സ്ഥിര വരുമാനം കാണുന്നതിന് വിഷമിക്കുന്ന സാഹചര്യം നിലവിലുണ്ട്.

അഭ്യസ്തവിദ്യരായ യുവാക്കൾ, കാലഹരണപ്പെട്ടതോ ലാഭകരമല്ലാതാകുകയോ ചെയ്ത അസംഘടിത തൊഴിൽ മേഖലകളിലെ തൊഴിലാളികൾ, കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് സ്വദേശത്തേക്ക് മടങ്ങി വന്ന പ്രവാസികൾ തുടങ്ങി 15നും 59 നും വയസ്സിനിടയിൽ പ്രായമുള്ള മുഴുവൻ മനുഷ്യവിഭവ ശേഷിയും നൈപുണ്യ പരിശീലനത്തിലൂടെ കാലാനുചിതമായി നവീകരിച്ച് മത്സര സജ്ജരാക്കുക വഴി മാത്രമേ പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും, അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേരള മോഡൽ വികസനം ത്വരിതപ്പെടുത്തുന്നതിനും സാധിക്കൂ.
രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും വിവിധ വ്യാവസായ മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനും, അതുവഴി തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

ലോക യുവജന നൈപുണ്യ ദിനമായ ഇന്ന് മുതൽ സംസ്ഥാനമെമ്പാടും നൈപുണ്യ വാരാചരണം സംഘടിപ്പിച്ചുകൊണ്ട് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 
•    നൈപുണ്യ വാരാചരണം സംഘടിപ്പിക്കും
ഈ വർഷം മുതൽ ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പിൻറെ നേതൃത്വത്തിൽ നൈപുണ്യ വാരാഘോഷം സംഘടിപ്പിക്കുന്നതാണ്. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ സേവനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും, സംസ്ഥാനത്തെ നൈപുണ്യ ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും, നൈപുണ്യ വികസനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പൊതുസമൂഹത്തിന് ബോധവൽക്കരണം നൽകുന്നതിനും വേണ്ടിയാണ് ഈ വർഷം മുതൽ തുടർച്ചയായി നൈപുണ്യ വാരാഘോഷം സംഘടിപ്പിക്കുന്നത്. 

നൈപുണ്യ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തൊഴിൽ അന്വേഷകർക്കും സംസ്ഥാനം നൈപുണ്യ വികസന മിഷൻ മുഖാന്തിരം വിവിധ സേവനങ്ങൾ ഒരാഴ്ച കാലത്തേക്ക് തികച്ചും സൗജന്യമായി ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെൻറ് ഡയറക്ടറേറ്റ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നൈപുണ്യ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന നൈപുണ്യ വികസന മിഷനെ വിവിധ സേവനങ്ങൾ സംസ്ഥാനത്തെ തൊഴിൽ അന്വേഷകർക്ക് നൈപുണ്യവാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ച സൗജന്യമായി നൽകുന്നതിന് സഹായിക്കുന്നത് ടാറ്റാ കൺസൾട്ടൻസി സർവീസസ്, റ്റാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, നാസ്‌കോം, എൻ റ്റി റ്റി എഫ്, സിപ്പെറ്റ്, തുടങ്ങിയ നൈപുണ്യ വികസന മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെയും, കെയ്സിന്റെ മികവിന്റെ കേന്ദ്രങ്ങളുടെയും, മറ്റ് സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെയും നിസ്സീമമായ സഹകരണതിലൂടെയാണ്.

നൈപുണ്യ വാരാചരണ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ 15നും 59 നും വയസ്സിനിടയിൽ പ്രായമുള്ള മുഴുവൻ തൊഴിൽ അന്വേഷകർക്കും സൗജന്യമായി സ്കിൽ അസസ്മെൻറ്, കരിയർ ഗൈഡൻസ്, ഇൻഡസ്ട്രി ഫ്ലോർ വിസിറ്റ്, ജോബിനാർ എന്നീ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾ ഓൺലൈനായും ഓഫ് ലൈൻ ആയും സൗജന്യമായി പഠിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നൈപുണ്യ വികസന കോഴ്സുകൾ ഒരാഴ്ചത്തേക്ക് സൗജന്യമായി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്സിന്റെ വെബ്സൈറ്റ് സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 

റ്റാലി കോഴ്സുകൾ ഒരാഴ്ചത്തേക്ക് സൗജന്യമായി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുകയോ, സംസ്ഥാനത്തുള്ള റ്റാലി സെൻററുകളിൽ നേരിട്ട് സമീപിക്കുകയോ ചെയ്യാവുന്നതാണ്. 

സിപ്പെറ്റ്, എൻ റ്റി റ്റി എഫ് എന്നീ സ്ഥാപനങ്ങൾ നൽകുന്ന നൈപുണ്യ പരിശീലന കോഴ്സുകൾ സൗജന്യമായി ഒരാഴ്ച പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യവും ഈ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാവുന്നതുതാണ്.

നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി, സ്കിൽ അംബാസ്സ്ഡർ കോണ്ടസ്റ്റ്

ഏതെങ്കിലും തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം ആർജിക്കുക വഴി സ്വന്തം ജീവിതത്തിലോ, ഒരു വ്യവസായ മേഖലയിലോ, ഒരു സമൂഹത്തിലോ ക്രിയാത്മകമായ പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുള്ള 35 വയസ്സിൽ താഴെയുള്ള യുവാക്കൾക്കായി നടത്തുന്ന മത്സരമാണിത്. ഇത്തരത്തിൽ പൊതുസമൂഹത്തിന്റെ അംഗീകാരം അർഹിക്കുന്ന നൈപുണ്യ ശേഷിയുള്ള യുവാക്കൾ തങ്ങളുടെ നേട്ടം വിവരിക്കുന്ന ഒരു അവതരണ വീഡിയോ ഉൾപ്പെടെ തയ്യാറാക്കി ഓഗസ്റ്റ് 14 വൈകുന്നേരം 5 മണിക്ക് മുൻപായി സംസ്ഥാന നൈപുണ്യ വികസന മിഷനിൽ ലഭ്യമാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട നിയമാവലി കെയ്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

തൊഴിലും നൈപുണ്യവും വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മറ്റു പ്രധാന പദ്ധതികൾ

1.    ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കും

നഗര ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പോഷണത്തിനുള്ള അവസരം സൃഷ്ടിക്കേണ്ടതുണ്ട്. ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിച്ച്, വികേന്ദ്രീകൃത മാതൃകയിൽ നൈപുണ്യ വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുക വഴി ഈ വെല്ലുവിളി ഫലപ്രദമായി മറികടക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി അഞ്ച് ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ജൂലൈ മാസം 20-ആം തീയതി പ്രവർത്തനം ആരംഭിക്കും. 

ജില്ലകളിലെ നൈപുണ്യ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച സമഗ്ര വിവരങ്ങളും, നൈപുണ്യ പരിശീലനത്തിനായി വിവിധ കേന്ദ്ര - സംസ്ഥാന സർക്കാർ പദ്ധതികളെ സംബന്ധിച്ചും ഉള്ള വിശദവിവരങ്ങളും ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കും.

2. നൈപുണ്യ വികസനത്തിൽ പൊതു - സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും.

നൈപുണ്യ വികസന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന പൊതു - സ്വകാര്യ മേഖലകളിലെ ചെറുതും വലുതുമായ മികച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ സംസ്ഥാന നൈപുണ്യ വികസന മിഷന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സർക്കാർ ഉടമസ്ഥതയിൽ പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു പകരം പൊതു സ്വകാര്യ മേഖലകളിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും, പരിശീലകർ ഉൾപ്പെടെയുള്ള വിഭവശേഷിയും പൂർണമായി പ്രയോജനപ്പെടുത്തുകയും, ഈ മേഖലയിലെ സർക്കാർ നിക്ഷേപം സൃഷ്ടിപരമാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു - സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്, ട്രെയിനിങ് സർവീസ് പ്രൊവൈഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു വരികയാണ്. തിരുവനന്തപുരം ജില്ലയിലെ സമ്മിറ്റ് ജൂൺ മാസം 22-ആം തീയതി നടന്നു. ഓഗസ്റ്റ് മാസം 31-നകം മറ്റു ജില്ലകളിലും ഈ സമ്മിറ്റ് പൂർത്തിയാക്കുന്നതാണ്. 

3. സംസ്ഥാന വ്യവസായ നയത്തിന് അനുസരിച്ച് നൈപുണ്യ പരിശീലന പദ്ധതികൾ ആവിഷ്കരിക്കും

വ്യവസായ നയത്തിനനുസരിച്ച് ഗ്രാഫൈൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റെന്യൂവബിൾ എനർജി, ബയോ ടെക്നോളജി ആൻഡ് ലൈഫ് സയൻസ്, ഫിനാൻസ് ആൻഡ് ടാക്സേഷൻ, അഡിറ്റീവ് മാനുഫാക്ചറിങ്, മാരിടൈം സെക്ടർ തുടങ്ങിയ വിവിധ തൊഴിൽ മേഖലകൾക്കിണങ്ങുന്ന നൈപുണ്യ പരിശീലന കോഴ്സുകൾ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി റ്റാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ബിരുദധാരികൾക്കായി വികസിപ്പിച്ചെടുത്ത 'മാസ്റ്റർ അക്കൗണ്ടൻറ്' എന്ന കോഴ്സ് രാജ്യത്ത് ആദ്യമായി കേരളത്തിൽ അവതരിപ്പിക്കുകയാണ്. സംസ്ഥാന നൈപുണ്യ വികസന മിഷനിൽ അക്രഡിറ്റഡ് ആയിട്ടുള്ള റ്റാലി സെന്ററുകളിൽ ഈ കോഴ്സ് ലഭ്യമാണ്.

4. നൈപുണ്യോത്സവം സംഘടിപ്പിക്കും

15 നും 22 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിലും അഭ്യസ്‌തവിദ്യർക്കിടയിലും തൊഴിൽ അഭിരുചി വളർത്തുന്നതിനും, നൈപുണ്യ ശേഷി ആർജ്ജിക്കുന്നതിലൂടെ സ്വയം നവീകരിച്ച് നൂതന വ്യവസായ മേഖലകൾക്കിണങ്ങുന്ന മികച്ച വൈദഗ്ദ്ധ്യവും പ്രതിഭയും ഉള്ളവരാക്കി മാറ്റുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ഈ അധ്യായന വർഷം മുതൽ യുവജനോത്സവം, കായികോത്സവം മാതൃകയിൽ നൈപുണ്യോത്സവം സംഘടിപ്പിക്കുന്നതാണ്. 

സ്കൂൾ തലം, ജില്ലാ തലം, മേഖലാ തലം, സംസ്ഥാന തലം എന്നിങ്ങനെ നാല് തലങ്ങളിൽ ആയാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. വിവരസാങ്കേതിക മേഖലകൾ ഉൾപ്പെടെ ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവർക്ക് ഈ മത്സരങ്ങളുടെ ഭാഗമാകാം. മികച്ച മത്സരാർത്ഥികൾക്ക് ദേശീയതലത്തിൽ നടക്കുന്ന 'ഇന്ത്യാ സ്കിൽസ്' കോമ്പറ്റീഷനിലും, അന്തർദേശീയ തലത്തിൽ നടക്കുന്ന 'വേൾഡ് സ്കിൽസ്' കോമ്പറ്റീഷനിലും പങ്കെടുക്കുന്നതിന് അവസരം ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, വ്യവസായിക പരിശീലന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുംമായി സഹകരിച്ചാണ് നൈപുണ്യോത്സവം സംഘടിപ്പിക്കുന്നത്.

date