Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യം സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു. ഒരു ജില്ലയില്‍ നിന്ന് 4 കുട്ടികള്‍ എന്ന രീതിയില്‍ ആണ് പുരസ്‌കാരം നല്‍കുന്നത്. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് എറണാകുളം ജില്ലയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 

അവാര്‍ഡ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

1. ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിനായി കുട്ടികളെ 6 -11 വയസ്, 12-18 വയസ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗത്തിലേയും ഓരോ കുട്ടിക്ക്് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും. 

2. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ഈ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6-11 വയസ്, 12-18 വയസ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും. .

3. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ് ശില്പനിര്‍മ്മാം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം, എന്നീ മേഖലകളില്‍ കഴിവ് തളിയിച്ചിട്ടുള്ളവരായിരിക്കണം. (ഇതുമായി ബന്ധപ്പട്ടു ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന  സിഡി/പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍  എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. .

5. കേന്ദ്രസര്‍ക്കാരിന്റെ ബാല്‍ ശക്തി പുരസ്‌കാര്‍ (National Child Award for Exceptional Achievement) കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല.

6. ഒരു തവണ ഉജ്ജ്വബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കുന്നതല്ല

7. ഒരു ജില്ലയിലെ 4 കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

8. 25000/- രൂപയും സര്‍ട്ടിഫിക്കറ്റും, ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷ ഫോറം www.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 5 നകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് 682030 ഫോണ്‍ നമ്പര്‍ 8157828858

date