Skip to main content

70-ാമത് നെഹ്റു ട്രോഫി വള്ളംകളി ബോണസ് അഡ്വാൻസ് ഓഗസ്റ്റ് 05 മുതൽ നൽകി തുടങ്ങും

 

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70 ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ബോട്ട് ക്ലബ്ബുകൾക്കുള്ള ബോണസിന്റെ അഡ്വാൻസ് തുക ഓഗസ്റ്റ്  അഞ്ച് മുതൽ നൽകി തുടങ്ങും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമായത്. ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗത്തിൽ എം.എൽ.എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ല പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, എൻ.ടി.ബി.ആർ സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ, ഇൻഫ്രസ്ട്രക്ച്ചർ കമ്മിറ്റി കൺവീനർ എം. സി സജീവ് കുമാർ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്ക് നൽകുന്ന പെയിന്റ് കറുപ്പോ, തടിയുടെ നിറമോ ആയിരിക്കണം. തെക്കനോടി വിഭാഗത്തിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന കമ്പനി വെള്ളത്തിന് രജിസ്ട്രേഷന് യോഗം അനുമതി നൽകി. പവിലിയന്റെ ഷീറ്റ് മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് ആദ്യം തന്നെ പൂർത്തിയാക്കുമെന്ന് ഇൻഫ്രസ്ട്രക്ച്ചർ കമ്മിറ്റി കൺവീനർ അറിയിച്ചു. കനാൽ, റോഡുകൾ എന്നിവയുടെ വൃത്തിയാക്കൽ പണികൾ നടന്നുവരികയാണ്. 
വിവിധ സർക്കാർ ഓഫീസുകൾ വഴിയും ഓൺലൈൻ ആയും ടിക്കറ്റ് വിൽപ്പന നടന്നുവരികയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ  എന്നിവ മുഖേനയാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടക്കുന്നത്. www.nehrutrophy.nic എന്ന ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. കഴിഞ്ഞ വർഷം 82 ലക്ഷം രൂപയുടെ ടിക്കറ്റ് വില്പനയാണ് നടന്നത്. ഇത്തവണ 25,000 രൂപയുടെ (നാലുപേർക്ക് പ്രവേശനം) ടിക്കറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചു മുതൽ അഞ്ചുദിവസം കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുക.

date