Skip to main content

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ ഗോശ്രീ ദ്വീപുകളിലേക്ക്

 

കോര്‍ഗ്രൂപ്പ് അംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്തുതല ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ജൂലൈ 27 ശനിയാഴ്ച ശില്‍പ്പശാല

 

പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടപ്പാക്കി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ കൊച്ചി ഗോശ്രീ ദ്വീപുകളിലും വ്യാപിപ്പിക്കുന്നു. ഗോശ്രീ ഐലന്‍ഡ്സ് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദ്വീപുകളിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമന തോതും കാര്‍ബണ്‍ സംഭരണതോത് സംതുലിതമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ പ്രധാനം. ഇതിനുപുറമേ ഹരിതകേരളം മിഷന്‍ നടപ്പാക്കി വരുന്ന തരിശുരഹിത ഗ്രാമം, ഹരിത സമൃദ്ധി വാര്‍ഡ്, പച്ചത്തുരുത്തുകള്‍, ശാസ്ത്രീയ മാലിന്യ സംസ്കരണം, ജലസംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗോശ്രീ ദ്വീപുകളില്‍ നടപ്പാക്കും.

കാമ്പയിന്റെ ഭാഗമായി കോര്‍ഗ്രൂപ്പ് അംഗങ്ങള്‍ക്കും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതല ജനപ്രതിനിധികള്‍ക്കുമായി ജൂലൈ 27 ശനിയാഴ്ച വെവ്വേറെ ശില്‍പശാലകള്‍ സംഘടിപ്പിക്കും. എറണാകുളം, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍-1 ല്‍ കോര്‍ഗ്രൂപ്പ് അംഗങ്ങളെയും കുഴിപ്പള്ളി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍-2 ല്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതല പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ശില്‍പശാല ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുളസി സോമൻ മുഖ്യപ്രഭാഷണം നടത്തും.

കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, സാധ്യതകള്‍, ജിഡ യുടെ പങ്കാളിത്തം, അനുബന്ധ സാങ്കേതിക നിര്‍വഹണ രീതികള്‍ തുടങ്ങിയവ ശില്‍പശാലയില്‍ വിഷയമാകും. ജിഡ സെക്രട്ടറി രഘുറാം,  ഹരിതകേരളം മിഷന്‍ കൃഷി ഉപമിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ എസ്.യു. സഞ്ജീവ്, പ്രോഗ്രാം ഓഫീസര്‍മാരായ വി. രാജേന്ദ്രന്‍ നായര്‍, യു. സുരേഷ്, പ്രോജക്ട് കോ-ഓഡിനേറ്റര്‍ ലിജി ജോര്‍ജ്, യംഗ് പ്രൊഫഷണല്‍ എസ്.ബി. സൂര്യ, നവകേരളം കര്‍മപദ്ധതി എറണാകുളം ജില്ലാ കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനി തുടങ്ങിയവര്‍ ശില്‍പശാലയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ നയിക്കും.  കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമേണ കുറച്ച് നെറ്റ് സീറോ കാര്‍ബണ്‍ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ലോകമെമ്പാടും ശ്രമങ്ങള്‍ നടത്തിവരികയാണ്. 2050 ആകുമ്പോള്‍ ഈ ലക്ഷ്യം നേടാനാവുംവിധം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെ കാമ്പയിന്‍ പുരോഗമിക്കുകയാണെന്ന് എസ്. രഞ്ജിനി  അറിയിച്ചു.

date