Skip to main content

*ഗതാഗതക്കുരുക്കിന് സമഗ്ര സംവിധാനം വേണം*

 

 

കല്‍പ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കന്‍ നടപടി വേണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കൈനാട്ടി മുതല്‍ അയ്യപ്പക്ഷേത്രം ജങ്ഷന്‍ വരെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പഠനം നടത്താനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ജില്ലാ കേന്ദ്രമായ കല്‍പ്പറ്റയില്‍ സംവിധാനം ഒരുക്കണം. പുതുപ്പാടി -മുത്തങ്ങ നാഷണല്‍ ഹൈവേക്ക് സ്ഥലം ഏറ്റെടുക്കലിന് നടപടികള്‍ സ്വീകരിക്കാന്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറെ പ്രത്യേകമായി നിയോഗിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണം. അപകടങ്ങള്‍ പതിവാകുന്ന വാര്യാട് മേഖലയില്‍ റോഡ് സുരക്ഷയ്ക്കായി അപകട സൂചന ബോര്‍ഡുകള്‍, ക്യാമറ, ചെറിയ റോഡുകളില്‍ ഹംപ്് എന്നിവ സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണം. വെള്ളാര്‍മല മീനാക്ഷി എസ്റ്റേറ്റിലെ 85 കുടുംബങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കണം. വേങ്ങപ്പള്ളി ലക്ഷംവീട് പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ തടയണം. കെഎസ്ഇബിയുടെയും ഹൈ,ലോ മാസ്റ്റ് ലൈറ്റുകളുടെയും അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. ഫോറസ്റ്റിലൂടെ ജനങ്ങള്‍ നടന്നു പോകുന്ന സ്ഥലത്തെ അടിക്കാടുകള്‍ വെട്ടണം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ കണ്ടെത്തണം. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വന്യമൃഗങ്ങളെ ആക്രമിക്കുന്നത് പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സമഗ്ര ചര്‍ച്ചയ്ക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ അന്തിമ ഡിപിആര്‍ സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

date