Skip to main content

കാലവർഷം:   നഷ്ട പരിഹാരം വേഗത്തിൽ നൽകണം;   ജില്ലാ വികസന സമിതി

 

ശക്തമായ മഴയിലും കാറ്റിലും വീടുകൾക്കും കൃഷിക്കും  നാശനഷ്ടം സംഭവിച്ചവർക്ക് എത്രയും വേഗത്തിൽ നഷ്ടപരിഹാരം നൽകുന്നതിന്  നടപടി വേണമെന്ന്  ജില്ലാ വികസന സമിതി

നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തികരിച്ച് നഷ്ടപരിഹാരം നൽകുവാൻ ഇടപെടൽ ശക്തമാക്കണമെന്ന് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.

മലയോര മേഖലയിൽ ശക്തമായ ചുഴലിക്കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾ വരുത്തിയതായും നഷ്ടം പരിഹാരം കണക്കാക്കി അടിയന്തിരമായി നൽകുന്നതിന് ഏകോപനം വേണമെന്ന് സജീവ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.

 നാശ നഷ്ടം സംഭവിച്ച  ആൾക്കാരുടെ യോഗം തദ്ദേശ സ്വയംഭരണം, കൃഷി, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ
വിളിച്ച് ചേർത്ത്  നഷ്ട പരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. വീടുകൾ ഭാഗികമായി തകർന്നവർക്കും പരമാവധി സഹായം നല്കണമെന്നും അദ്ദേഹം പറഞ്ഞു.  മലയോര പ്രദേശങ്ങളിലാണ് വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചെത്. അങ്ങനെയുള്ള കൃഷിക്കാർ ഓൺലൈനായി വേണം നിലവിൽ അപേക്ഷ സമർപ്പിക്കാൻ. പല കർഷകർക്കും ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാൻ പ്രയാസമുണ്ടെന്നും കൃഷി വകുപ്പിൻ്റെ സജീവമായ ഇടപെടൽ ഈ കാര്യത്തിൽ അവർക്ക് ലഭിക്കണമെന്നും  എം എൽ എ പറഞ്ഞു.

രണ്ട് വർഷത്തിന് മുമ്പ് നാശ നഷ്ടം സംഭവിച്ച കൃഷിക്കാർക്ക് ഇതുവരെയായി നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ഇത്തവണയും വ്യാപക കൃഷി നാശം ജില്ലയിൽ സംഭവിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ പറഞ്ഞു. കുടിശ്ശികയുളളതും  ഇത്തവണത്തെയും നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യുവാൻ കൃഷി വകുപ്പ് നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആറളം ഫാമിൽ ഭൂമി ലഭിച്ചവർക്ക്  മറ്റു പഞ്ചായത്തിലും ഭൂമി ലഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് തടയുന്നതിന് നടപടി വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ശുചിത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ചില വകുപ്പുകൾ ഒരു സഹകരണവും നൽകുന്നില്ലെന്ന് പ്രസിഡണ്ട് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസികളിലും ശക്തമായ പരിശോധന നടത്തുമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തി ഹീനമായ ചുറ്റുപാടുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വലിയ പിഴ ചുമത്തുമെന്നും പ്രസിഡണ്ട് പറഞ്ഞു. നെടുംപൊയിൽ ചുരത്തിൻ്റെ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നുണ്ടെന്നും വനം വകുപ്പിൻ്റെ കീഴിലുള്ള സ്ഥലമായതിനാൽ ഇതു തടയുന്നതിനായി വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും  ജാഗ്രത വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വവും മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് എല്ലാ ഗവ: ഓഫീസുകളിലും ശക്തമായ പരിശോധന വേണമെന്നും വീഴ്ച കണ്ടാൽ ശക്തമായ പിഴ ചുമത്തണമെന്നും ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. ഇതിൽ വീഴ്ച വരുത്തുന്ന സർക്കാർ സ്ഥാപനങ്ങൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു.

പഴശ്ശി ജലസേചന പദ്ധതി പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കാൻ ഭൂമി കൃത്യമായി അളന്ന് അതിർത്തി നിർണ്ണയിച്ച്  നടപടി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കലക്ടറും പഴശ്ശി ഇറിഗേഷൻ എക്സി: എഞ്ചീനിയറോട് ആവശ്യപ്പെട്ടു.

കണ്ണൂർ ചാലോട് ജംഗ്ഷനിൽ റോഡപകടങ്ങൾ വർദ്ധിച്ചു വരുന്നതായും,  സീബ്ര ലൈൻ ഇല്ലാത്തതുകൊണ്ട് അപകട സാധ്യത വർദ്ധിക്കുന്നതായും ജനങ്ങളുടെ സുരക്ഷക്ക് ഇവിടെ പൊലീസിനെ നിയോഗിക്കണമെന്നും കെ സുധാകരൻ എം പി യുടെ പ്രതിനിധി ടി ജയകൃഷ്ണൻ  പറഞ്ഞു. 

ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി ജോസഫ് എം എൽ എ, സജീവ് ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ,  സബ് കലക്ടർ സന്ദീപ് കുമാർ, അസി കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.
 

date