Skip to main content

എല്ലാവരും സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റെ ഭാഗമാകണം: മന്ത്രി വീണാ ജോർജ്

* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നർവഹിച്ചു

എല്ലാവരും സ്റ്റോപ്പ് ഡയേറിയ കാമ്പയിൻ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും കാമ്പയിന്റെ അംബാസഡർമാരാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ പ്രധാനപ്പെട്ട ഒരു കാമ്പയിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വം, പരിസര ശുചിത്വംജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റെയും ഒ.ആർ.എസ്. ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് ഓരോരുത്തരും എല്ലായിപ്പോഴും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്.  വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിർജലീകരണം സംഭവിച്ച് മരണം തന്നെ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനെ അതിജീവിക്കുന്നതിന് കൃത്യമായി രോഗിയ്ക്ക് ഒ.ആർ.എസ്. നൽകേണ്ടത് അനിവാര്യമാണ്.

ജൂലൈ മാസം 29 നാണ് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ആരോഗ്യ വകുപ്പ് വലിയൊരു കാമ്പയിന് തുടക്കമിട്ടത്. ഈ വലിയ ജനകീയ പ്രചരണ പരിപാടിയിലൂടെ വയറിളക്ക രോഗങ്ങളുടെ പ്രതിരോധംനിയന്ത്രണം, ബോധവൽക്കരണം എന്നിവയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ജീവൻ ബാബു വിശിഷ്ടാതിഥിയായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷി സ്വാഗതവും സ്റ്റേറ്റ് ഒ.ആർ.ടി. ഓഫീസർ ഡോ. ബിനോയ് എസ്. ബാബു നന്ദിയും പറഞ്ഞു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ഷീജ എ.എൽ.ഡോ. അജിത വി. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻസ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ് എന്നിവർ ആശംസകൾ അർപ്പിച്ചു.

പി.എൻ.എക്‌സ്. 3202/2024

date