Skip to main content

തെരുവുനായ് ആക്രമണത്തിൽ കോഴികളെ നഷ്ടപ്പെട്ട കർഷകയ്ക്ക് മന്ത്രി ജെ. ചിഞ്ചുറാണി കെപ്കോ ധനസഹായം കൈമാറി

*50,000 രൂപയുടെ ധനസഹായമാണ് കൈമാറിയത്

തെരുവുനായകളുടെ ആക്രമണത്തിൽ 1000 ത്തോളം ഇറച്ചിക്കോഴികളെ നഷ്ടമായ കർഷകയും തിരുവനന്തപുരം കോട്ടുകാൽ സ്വദേശിയുമായ സജിതക്ക് കെപ്കൊ കർഷക സഹായ പദ്ധതിയുടെ ഭാഗമായ സഹയാധനം മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി കൈമാറി. സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 50,000 രൂപയുടെ ചെക്ക് സജിതക്ക് മന്ത്രി കൈമാറി. കെപ്കൊയുടെ തനത് ഫണ്ടിൽ നിന്നാണ് സഹായം നൽകിയത്.

കോഴിവളർത്തൽ കർഷകർക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകി അവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനെന്ന് മന്ത്രി പറഞ്ഞു. കെപ്കോയുടെ കീഴിലുള്ള കോഴിക്കർഷകർക്ക് അപ്രതീക്ഷിതവും യാദൃശ്ചികമായി ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തി അവരെ മേഖലയിൽ തന്നെ നിലനിർത്തുന്നതിനുള്ള മനോധൈര്യം പകർന്ന് നൽകുകയാണ് കെപ്കോ സഹായധനം നൽകുന്നതിലൂടെ ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ കോഴിക്കർഷകരെ മേഖലയിൽ നിലനിർത്താനും സുരക്ഷിതവും ഗുണമേന്മയുള്ളതും രുചികരവുമായ ചിക്കൻ ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാർ കെപ്കോയിലൂടെ വിപണിയിലെത്തിച്ച ഉൽപ്പന്നമാണ് കെപ്കോ കേരള ചിക്കൻ. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്ന ഹാച്ചറിയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ കെപ്കോയുടെ മേൽനോട്ടത്തിൽ കോൺട്രാക്ട് കുടുംബശ്രീ കർഷകർക്ക് നൽകി ആന്റിബയോട്ടിക്കോ, ഹോർമോണുകളോ ഉപയോഗിക്കാതെയാണ് ഇറച്ചിക്കോഴികളെ വളർത്തിയെടുക്കുന്നത്. ഇതുവഴി സംസ്ഥാനത്ത് ശുദ്ധമായ ഇറച്ചിക്കോഴി ഉൽപ്പാദനം നടത്താൻ കെപ്കോയ്ക്ക് സാധിക്കുന്നുണ്ട്. കർഷകരിൽ നിന്നും തിരിച്ചെടുക്കുന്ന ഇറച്ചിക്കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ചെടുത്ത് ആരോഗ്യപ്രദവും സുരക്ഷിതവും രുചികരവുമായ ചിക്കൻ ഉൽപ്പന്നമാക്കി കെപ്കോ കേരള ചിക്കൻ എന്ന ബ്രാൻഡിലൂടെയാണ് വിപണിയിൽ ലഭ്യമാക്കുന്നത്.

കെപ്കോയുമായി കരാറിൽ ഏർപ്പെട്ട് ഇറച്ചിക്കോഴി വളർത്തലിലൂടെ വരുമാന മാർഗ്ഗം കണ്ടെത്തിയിരുന്ന കർഷകയായ സജിതയുടെ ഫാമിൽ മെയ് രണ്ടാം തീയതിയാണ് ഒരു കൂട്ടം തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. 22 ദിവസം വരെ പ്രായമായ 1000 ത്തോളം ഇറച്ചിക്കോഴികളെ ആക്രമണത്തിൽ നഷ്ടമായിരുന്നു. തുടർന്നാണ് നഷ്ടം പരിഹരിക്കുന്നതിന് കൈത്താങ്ങ് എന്ന നിലയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്നും 50,000 രൂപ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചത്. 

ചടങ്ങിൽ കെപ്കോ ചെയർമാൻ പി.കെ മൂർത്തി, മാനേജിംഗ് ഡയറക്ടർ ഡോ.പി.സെൽവകുമാർ, സജിത കോട്ടുകലിന്റെ ഭർത്താവ് ഷൈനു, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3203/2024

date