Skip to main content
രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി

ജാതി, മത വര്‍ഗീയ ചിന്താഗതികളെ ഒന്നിച്ച് ചെറുക്കണം-മന്ത്രി സജി ചെറിയാന്‍

 

-രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി

ആലപ്പുഴ: സ്വാതന്ത്ര്യാനന്തരം നിരവധി പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും അതിജീവിച്ച് മുന്നേറുന്ന രാജ്യമാണ് ഇന്ത്യ. അയല്‍ രാജ്യങ്ങളില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതും പട്ടാള ഭരണത്തിലേക്ക് പോകുന്നതും തിരിച്ചറിയണം. ജാതി മത വര്‍ഗീയ ചിന്താഗതികളെ ഇന്ത്യക്കാരനെന്നതിന് മുകളില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള വര്‍ഗീയവാദികളുടെ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ബീച്ചിലെ റിക്രിയേഷന്‍ മൈതാനത്ത് നടന്ന ജില്ലാതല ആഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് രാജ്യത്തിന്റെ കരുത്ത്. ബഹുസ്വരത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയായി. മതേതരത്വം ലോകരാജ്യങ്ങള്‍ക്ക് ആകെ മാതൃകയാണ്. മതേതരത്വത്തിന് എതിരായ ഏതു വെല്ലുവിളിയും ഒന്നിച്ചു നിന്ന് തോല്‍പ്പിക്കണം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍  മൂന്നേറിയെങ്കിലും ഇനിയും രാജ്യം ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. 

പ്രതികൂല സാമൂഹിക സാമ്പത്തിക സാഹചര്യത്തിലും വികസനരംഗത്തും സേവന - ആശ്വാസ രംഗത്തും മുന്നേറാന്‍ കേരള സര്‍ക്കാരിന് കഴിയുന്നുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ വികസനമാതൃക ശക്തിപ്പെടുത്തി നവകേരള നിര്‍മിതി സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാനവ വികസന ശേഷി സൂചികയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും സംസ്ഥാനത്തിന് ഇനിയും മുന്നോട്ടു പോകാനുണ്ട്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിന് 2016 മുതല്‍ ശ്രമിച്ചുവരുകയാണ്. സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. കേരളത്തിനുള്ള വായ്പാ പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തുമ്പോഴും തനത്  വരുമാനം വര്‍ധിപ്പിച്ചും ചെലവുകള്‍ ചുരുക്കിയും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നു. 

മലയോര-തീരദേശ ഹൈവേകളുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ 100 ശതമാനമാക്കി. ഏറ്റെടുക്കലിന് 6000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. ക്യാംപസുകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും ഗവേഷണങ്ങളും ശക്തിപ്പെടുത്തുന്നു. 2016 ന് ശേഷം സംസ്ഥാനത്ത് മുന്നു ഐടി പാര്‍ക്കുകളിലായി 65000 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഒരു കോടിയോളം ചതുരശ്രഅടി ഐടി സ്‌പേസ് സജ്ജമായിട്ടുണ്ട്. 72 ഐ.ടി കോറിഡോറുകള്‍ തയ്യാറാവുന്നു.  

ലൈഫ് മിഷനില്‍ നാലു ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി പിന്തുണയ്ക്കാത്ത  സാഹചര്യത്തിലാണ് ഇത് സാധ്യമാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി ആരംഭിച്ച പുനര്‍ഗേഹം പദ്ധതി വഴി 2321 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 390 ഫ്‌ലാറ്റുകള്‍  കൈമാറി. 1200 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതുവരെ 400 കോടി രൂപ ഇതിന് ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 

ചരിത്രത്തിലെ ഏറ്റവും വലിയ മഹാ ദുരന്തങ്ങളില്‍ ഒന്നിനാണ് വയനാട്ടില്‍ നമ്മള്‍ സാക്ഷ്യംവഹിച്ചത്. അതിന്റെ ദുരിത ഫലങ്ങളെ അതിവേഗം നമുക്ക് അതിജീവിക്കണം. ആഗോള തലത്തില്‍ കൂട്ടായ ഇടപെടലുകള്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ നമുക്ക് മറികടക്കേണ്ടതുണ്ട്. പ്രാദേശികമായ ഇടപെടലുകളും ഇക്കാര്യത്തില്‍ വേണം. പുരോഗമന പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും വഴി കേരളത്തില്‍ ഉണ്ടായ മാറ്റവും പുരോഗതിയും ഇനിയും ശക്തിപ്പെടുത്തണം. ഒരേ മനസ്സോടെയാണ് വയനാട് ദുരന്തത്തെ അതിജീവിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ശ്രമിക്കുന്നത്. മതേതരത്വത്തെയും വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസും ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. 

എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, സബ് കളക്ടര്‍ സമീര്‍ കിഷന്‍, നഗരസഭ ഉപാധ്യക്ഷന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ആര്‍. പ്രേം, എ.എസ്. കവിത, കൗണ്‍സിലര്‍മാരായ സൗമ്യ രാജ്, റീഗോ രാജു, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ലോക്കല്‍ പോലീസ്, വനിത പോലീസ്, എക്‌സൈസ്, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, ബുള്‍ബുള്‍, കബ്‌സ് തുടങ്ങിയ ഇനങ്ങളില്‍ 12 പ്ലാട്ടൂനുകളും നാല് ബാന്റ് സംഘവുമുള്‍പ്പെടെ 16 പ്ലാട്ടൂനുകള്‍ പരേഡില്‍ അണിനിരന്നു. വീയപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ്ക്ടര്‍ എ. ഷഫീക്കായിരുന്നു പരേഡ് കമാന്റഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി സജി ചെറിയാന്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.  

പരേഡില്‍ പുരസ്‌കാരം ലഭിച്ചവര്‍

പരേഡിലെ സേന പ്ലറ്റൂണിനുള്ള പുരസ്‌കാരം മാവേലിക്കര റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. കൃഷ്ണരാജ് നയിച്ച എക്‌സൈസ് പ്ലറ്റൂണ്‍ നേടി. 

എസ്.പി.സി. വിഭാഗത്തില്‍ ആത്മജ ബിജു നയിച്ച പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച്.എസ്.എസ്. പ്ലറ്റൂണ്‍ ഒന്നാമതായി.  

സ്‌കൗട്ട് വിഭാഗത്തില്‍ സാഹില്‍ സുനില്‍ നയിച്ച മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുമ്പോളി പ്ലറ്റുണും ഗൈഡ്‌സ് വിഭാഗത്തില്‍ എം. വേദനന്ദ നയിച്ച മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുമ്പോളി പ്ലാറ്റൂണും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെന്റ് ആന്റണീസ് ജി.എച്ച്.എസ്സിലെ സന ജോസഫ് നയിച്ച പ്ലറ്റൂനാണ് മികച്ച റെഡ് ക്രോസ് പ്ലാറ്റൂണ്‍. മുഹമ്മദ് ബിലാല്‍ നയിച്ച ലിയോ തേര്‍ട്ടീന്‍ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്ലറ്റൂണും ആന്‍മി റോസ് നയിച്ച സെന്റ് ജോസഫ്സ് എല്‍.പി.ജി.എസ്. സ്‌കൂള്‍ പ്ലറ്റൂണും യഥാക്രമം കബ്‌സ്, ബുള്‍ബുള്‍ വിഭാഗങ്ങളില്‍ സമ്മാനം നേടി.  

പുന്നപ്ര ജി.എം.ആര്‍.എസിലെ പ്ലറ്റൂണിനെ നയിച്ച ആത്മജ ബിവുമാണ് മികച്ച പ്ലറ്റൂണ്‍ കമാന്‍ഡര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച ബാന്‍ഡ് സംഘമായി എസ്. മുഹമ്മദ് ഹസ്സന്‍ നയിച്ച ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ തിരഞ്ഞെടുത്തു. പൃഥ്വിരാജ് പോള്‍ നയിച്ച മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുമ്പോളി ജൂനിയര്‍ വിഭാഗം ബാന്‍ഡ് സംഘം ഒന്നാം സ്ഥാനം നേടി. സേബാ ഫ്രാന്‍സിസ് നയിച്ച  ടെമ്പിള്‍ ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എറവുകാട് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി.

പരേഡ് കമാന്‍ഡറായ വീയപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ്ക്ടര്‍ എ. ഷഫീക്കിനും സായുധ സേന പതാക ദിനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സര്‍ക്കാന്‍ സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റി, സര്‍ക്കാര്‍ ഇതര വിഭാഗത്തില്‍ എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയ്ക്കും മന്ത്രി ഉപഹാരങ്ങള്‍ കൈമാറി.

(പി.ആര്‍./എ.എല്‍.പി./1689)

date