Skip to main content

വിപുലമായ പരിപാടികളുമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത  നവകേരളം കർമപദ്ധതി 

വിപുലമായ പരിപാടികളുമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത  നവകേരളം കർമപദ്ധതി 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ  മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കായി ശില്പശാല നടന്നു. മാലിന്യമുക്ത നവകേരളത്തിനായി വിപുലമായ കർമ്മ പരിപാടികൾ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ  നടക്കും. ഒക്ടോബർ രണ്ടു ഗാന്ധിജയന്തി ദിനം മുതൽ
 2015 മാർച്ച് 30 അന്താരാഷ്ട്ര മാലിന്യ മുക്ത ദിനം  വരെയാണ് ക്യാമ്പയിൻ.
 ഒക്ടോബർ 2 മുതൽ 9 വരെ വൈക്കത്തെ ആറു പഞ്ചായത്തുകളിലെയും എല്ലാ വാർഡുകളിലും ശുചിത്വ സന്ദേശ റാലികൾ നടക്കും. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച്കൊണ്ടും ആകർഷകമായും റാലികൾ സംഘടിപ്പിക്കുന്ന വാർഡുകൾക്ക് നവകേരള പുരസ്കാരങ്ങൾ സമ്മാനിക്കും.
 ഏറ്റവും മികച്ച ശുചീകരണ പ്രവർത്തനം നടത്തുന്ന കുടുംബശ്രീ പുരുഷ സ്വയം സഹായ സംഘങ്ങൾ,  ക്ലബ്ബുകൾ,  വിദ്യാലയങ്ങൾ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകും. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് പുരസ്കാരങ്ങൾ നൽകും.

 ഒക്ടോബർ 5 മുതൽ 15 വരെ ജനകീയ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിക്കും. വൈക്കത്തെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിക്കുന്ന തരത്തിലാണ് ജനകീയ പ്രശ്നോത്തരി ആവിഷ്കരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങളാണ് പ്രശ്നോത്തരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് നിരവധി സമ്മാനങ്ങളും നൽകുന്നതാണ്. 
 മാലിന്യമുക്ത നവകേരളത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതിന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച നൂതന പദ്ധതിയായ അണ്ണാറക്കണ്ണൻ എന്ന ചിത്രകഥ  വൈക്കത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് വിതരണം ചെയ്യും.
 വൈകത്തെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലൂടെ സൗജന്യ ജല ഗുണനിലവാര പരിശോധന നടത്തും.
 ഒക്ടോബർ ഒൻപതിന്  വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഘടകസ്ഥാപനങ്ങളും ഹരിത ഓഫീസുകൾ ആയി പ്രഖ്യാപിക്കും. ഒക്ടോബർ ആദ്യവാരം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ടി വി പുരത്ത് പണികഴിപ്പിച്ച ആർ ആർ എഫ്  നാടിന് സമർപ്പിക്കും. 
 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി കെ ആനന്ദവല്ലി, ശ്രീജി ഷാജി, സുകന്യ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജിത്ത്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വൈ ഉണ്ണിക്കുട്ടൻ, ഹരിത കേരള മിഷൻ ആർ പി മറിയം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ശീമോൻ, ഒ എം ഉദയപ്പൻ, സുജാത മധു,, ജസീല നവാസ്, വീണ എന്നിവർ പ്രസംഗിച്ചു. 
 മാലിന്യമുക്ത നവ കേരളത്തിനായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ള ഈ വിപുലമായ പരിപാടികളിൽ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് അഭ്യർത്ഥിച്ചു

(കെ ഐ ഓ പി ആർ 21 22/ 2024)

date