Skip to main content

പാൽചുരം ഇനി ക്യാമറകണ്ണുകളിൽ

 മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടി കൂടാൻ പാൽചുരത്തിൽ സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പാൽചുരത്തിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ നിർവഹിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ വിട്ടു വീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരുടെ പടം ഉൾപ്പെടെ പ്രചരിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജില്ലാ പഞ്ചായത്ത് ആരംഭിച്ച  'സ്മാര്‍ട്ട് ഐ' പദ്ധതി പ്രകാരമാണ് ക്യാമറകൾ സ്ഥാപിച്ചത്. രാത്രി സമയങ്ങളിൽ ഉൾപ്പെടെ മാലിന്യം തള്ളിയാൽ വ്യക്തികളുടെയും വാഹനങ്ങളുടെയും നമ്പറടക്കമുള്ള വ്യക്തമായ ചിത്രങ്ങൾ അത്യാധുനിക സംവിധാനമുള്ള ക്യാമറകളിൽ പതിയും. കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ക്യാമറകൾ നിരീക്ഷിക്കുവാനുള്ള കൺട്രോൾ റൂമുകളുണ്ട്.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി  നമ്പുടാകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഫിലോമിന ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  കെ.എൻ സുനീന്ദ്രൻ, വാർഡ് മെമ്പർ ഷാജി പൊട്ടയിൽ, പി.സി തോമസ്, രമേശ് ബാബു എന്നിവർ സംസാരിച്ചു.

date