അന്നയുടെ കുടുംബത്തിന് ആശ്വാസം പകർന്നു വനിതാ കമ്മീഷൻ
പുനയിലെ കമ്പനിയിൽ ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ്റെ അമ്മയെ ആശ്വസിപ്പിച്ചു വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും.
ഇന്നലെ രാവിലെ കളമശ്ശേരിയിലുള്ള അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. അരമണിക്കൂറോളം അനിതയുമായി സംസാരിച്ചു. അമ്മയെ ആശ്വസിപ്പിച്ച അംഗങ്ങൾ കേസിലെ തുടർ നടപടികൾക്കു വനിതാ കമ്മീഷൻ്റെ സഹായം ഉറപ്പു നൽകി.
അന്നയുടെ മരണം അതി ദാരുണമായ സംഭവമാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ പിന്നീട് പറഞ്ഞു. ഇവൈ കമ്പനിയുടെതു നിഷ്ഠൂരമായ നിലപാടാണ്. വിഷയം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തും.
അന്നയുടെ മാതാവിനോടു പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഭാരത്തെ കുറിച്ച് ഐടി മേഖലയിൽ നിന്ന് അനവധി പരാതികൾ വനിതാ കമ്മീഷനു ലഭിക്കുന്നുണ്ട്. വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
- Log in to post comments