ദീപാലംകൃത പാലങ്ങൾ വ്യാപകമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം പൂർത്തീകരിച്ചത്. കേരളത്തിൽ രണ്ട് പാലങ്ങൾ നിലവിൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയതിനെ തുടർന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രവുമായി മാറി. ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4487/2024
- Log in to post comments