എഴുതുന്നവർ പുസ്തകങ്ങളുടെ മിനിമം ഗുണനിലവാരം ഉറപ്പാക്കണം: എം മുകുന്ദൻ
എഴുത്തിന്റെ ജനാധിപത്യവത്കരണം നല്ല കാര്യമാണെങ്കിലും എഴുതുന്നവർ പുസ്തകങ്ങളുടെ മിനിമം ഗുണനിലവാരം ഉറപ്പാക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ പുസ്തകങ്ങൾ ഉണ്ടാക്കുന്ന പുതിയ തരത്തിലുള്ള മലിനീകരണം ഉണ്ടാക്കും. അങ്ങിനെ ഒരു അവസ്ഥയിലേക്ക് നാം പോകരുത്. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. കാരണം ഒരു പാട് പുസ്തകങ്ങൾ പുറത്തുവരുന്നുണ്ട്. സ്വയം പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ സംഭവിച്ചതാണിത്.
ആധുനിക മലയാളിയെ സൃഷ്ടിച്ചിട്ടുള്ളത് വായന തന്നെയാണ്. പുസ്തകം വായിച്ചു വായിച്ചാണ് നമ്മൾ ഉണ്ടായത്. പഴയ കാലത്ത് ഒരുപക്ഷേ ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ, വായിക്കാതെ ജീവിക്കാൻ കഴിയില്ല. പല തലമുറകളുടെ വായനയുടെ ഫലമായിട്ടാണ് ആധുനിക മലയാളി സമൂഹം ഉരുത്തിരിഞ്ഞുവന്നത്.
തിരക്കുപിടിച്ച ഈ കാലത്ത്, പുസ്തകങ്ങൾ വായിച്ചിട്ടില്ലെങ്കിലും പുസ്തകങ്ങൾ നിങ്ങളുടെ ചുറ്റും ഉണ്ടാവണമെന്നാണ് ഒരു പുതിയ തിയറി പറയുന്നത്. കൊച്ചുകുഞ്ഞ് ആദ്യമായി കാണുന്നത് അമ്മയുടെ മുഖമാണ്. അതുകൊണ്ടാണ് കുഞ്ഞും അമ്മയും തമ്മിൽ ദൃഡമായ ബന്ധം ഉണ്ടാവുന്നത്. അതുപോലെ കുഞ്ഞ് രണ്ടാമത് കാണേണ്ടത് പുസ്തകത്തിന്റെ മുഖം ആവണം. ഒരു കുഞ്ഞ് വളരുമ്പോൾ ചുറ്റിലും പുസ്തകങ്ങൾ ഉണ്ടായിരിക്കണം എന്നതാണ് പുതിയ തിയറി. കുഞ്ഞിന് പുസ്തകം വായിക്കാൻ കഴിയില്ല. പക്ഷേ, കുഞ്ഞിന് പുസ്തകം കാണാൻ കഴിയും. പുസ്തകങ്ങളുടെ ലോകത്ത് കുഞ്ഞ് വളരണം. തിരക്കിനിടയിൽ പുസ്തകം വായിക്കാൻ നമുക്ക് സമയം കിട്ടിയില്ലെങ്കിലും പുസ്തകം നമ്മുടെ ചുറ്റും ഉണ്ടാവണം. പുസ്തകം നമുക്ക് കാണാൻ കഴിയണം. പുസ്തകത്തെ തലോടാൻ കഴിയണം, മണക്കാൻ കഴിയണം. നമ്മുടെ കാഴ്ചവട്ടത്ത് പുസ്തകങ്ങൾ ഉണ്ടാവണം. അക്ഷരങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. ഓരോ അക്ഷരത്തിലും നമ്മുടെ ജീവിതമുണ്ട്.
നാം മനുഷ്യർ കാണുന്നതിലല്ല സത്യം, അതിന്റെ നിഴലുകളിലാണ്. നാം വായിക്കുന്ന നോവലുകളും കഥകളും നിഴലുകളാണ്. അതിലാണ് നാം യാഥാർഥ്യം തിരയേണ്ടത്. പുസ്തകങ്ങളില്ലാതെ നമുക്ക് പ്രത്യേകിച്ച് മലയാളിക്ക് ജീവിതമില്ല. പുസ്തകങ്ങൾ ആളുകൾ വായിക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല. പുസ്തക വിൽപന അദ്ഭുതകരമാംവിധം വർധിച്ചിട്ടുണ്ട്. ആളുകൾക്ക് പുസ്തകത്തോടുള്ള സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന കാരണം. ചില പഠനങ്ങൾ കാണിക്കുന്നത്, ലോകത്തെങ്ങുമുള്ള വായനക്കാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ വായന മടുക്കാൻ തുടങ്ങിയെന്നാണ്. ഇ-ബുക്കിനും ഓഡിയോ ബുക്കിനും പകരം ലോകത്തിലെ വായനക്കാർ പതുക്കെ പുസ്തകങ്ങളിലേക്ക് തിരിച്ചുവരികയാണ്. അതിന് പ്രധാന കാരണം, പുസ്തകം കാണുന്നതും തലോടുന്നതും മണക്കുന്നതും വലിയ സന്തോഷമാണ്. ഡിജിറ്റൽ വായനയിൽ അക്ഷരങ്ങളെ നമുക്ക് തൊടാനോ മണക്കാനോ സാധിക്കില്ല-അദ്ദേഹം പറഞ്ഞു.
- Log in to post comments