Skip to main content

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം ഗൗരവതരം; കർമപദ്ധതി നടപ്പിലാക്കും-ഡിഎംഒ

തളിപ്പറമ്പിൽ മഞ്ഞപ്പിത്ത രോഗം (ഹെപ്പറ്റൈറ്റിസ് എ) മൂലം  സഹോദരങ്ങൾ മരണപ്പെടാനിടയുണ്ടായ സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ്  പരിശോധന നടത്തും. മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യ വകുപ്പ് തെളിച്ചം (ദി എജുക്കേഷൻ ആൻഡ് ലൈഫ് സ്‌റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്‌മെൻറ്) പദ്ധതി നടപ്പിലാക്കും.
ഈ വർഷം മെയ് മാസത്തിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്ക് പടരുകയും ചെയ്തു. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേർ കിടത്തി ചികിത്സ എടുത്തു. ആകെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്.
രോഗം പടർന്നു പിടിക്കാനിടയാക്കിയ കിണർ ഉപയോഗം നിർത്തിക്കുകയും ഈ വർഷം ജൂലൈയിൽ തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം തളിപ്പറമ്പിൽ ആരോഗ്യ വകുപ്പ് നടത്തുകയുണ്ടായി. മഞ്ഞപ്പിത്തതിനെതിരെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നു വന്നിരുന്നത്.
തളിപ്പറമ്പിൽ നിലവിൽ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.  ബന്ധുവിന്റെ വീടു കാണൽ ചടങ്ങിൽ പങ്കെടുത്തത്  വഴിയാണ് രോഗം മൂലം മരണപ്പെട്ട വ്യക്തി അസുഖബാധിതൻ ആയത് എന്നാണ് നിഗമനം.
രോഗം ബാധിച്ചവർ വീടുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗപകർച്ച തടയുന്നതിനു തടസ്സമായി നിൽക്കുന്നതെന്ന് ഡി എം ഒ പറഞ്ഞു. തളിപ്പറമ്പിൽ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കൻഡറി കേസുകൾ ആണ്. ടോയ്ലെറ്റ് ഉപയോഗ ശേഷം കൈകാലുകൾ രോഗികൾ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന്റെ അടിസ്ഥാനം. ടോയ്‌ലറ്റ് ഉപയോഗ ശേഷം സോപ്പുപയോഗിച്ച് കൈകാലുകൾ നന്നായി കഴുകണം. മലവിസർജ്യത്തിലൂടെ പോകുന്ന വൈറസുകൾ കൈകളിൽ തങ്ങിനിൽക്കുകയും അത് മറ്റുള്ളവർക്ക് രോഗം സമ്മാനിക്കുകയും ആണ് ചെയ്തിരിക്കുന്നത്-ഡി എം ഒ കൂട്ടിച്ചേർത്തു.
ജില്ലാ മാസ്സ് മീഡിയ വിഭാഗം മുൻകൈയിലാണ് തെളിച്ചം പദ്ധതി നടപ്പിലാക്കുക. ഹെപ്പറ്റൈറ്റിസ് എ പടരുന്ന സാഹചര്യങ്ങൾ ബോധവത്കരണത്തിലൂടെയും ജീവിത ശൈലിയിലൂടെയും കൃത്യമായ നടപടികളിലൂടെയും മാറ്റുക എന്നതാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയോട് ചേർന്ന പിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ യോഗം ചേർന്നു. എഴോo ബ്ലോക്ക് സി എച്ച് സി യിൽ ചേർന്ന യോഗത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ അധ്യക്ഷത വഹിച്ചു. അതോടൊപ്പം തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡിഎംഒ നിർദേശിച്ചു. മറ്റു നടപടികൾ:
ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിക്കും.
ഭക്ഷ്യ ജലജന്യ രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപടികൾ സ്വീകരിക്കും.
ഓരോ ആരോഗ്യ സ്ഥാപനങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളിലെ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ്മപദ്ധതി തയ്യാറാക്കുന്നതിന് നിർദ്ദേശിച്ചു.
പ്രദേശത്തെ കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസ്സുകൾ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്ന ജല സ്രോതസ്സുകൾ നശിപ്പിക്കാൻ തീരുമാനിച്ചു..

ഹെപ്പറ്റൈറ്റിന് എ തടയാൻ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു

1. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജ്യൂസ് പോലെയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നതിനും ഇത്തരം വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം
2. ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയ്‌ലറ്റ് വൃത്തിയായി അണുനാശിനി ഉപയോഗിച്ചു കഴുകി സൂക്ഷിക്കണം.
3. മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിക്കുന്നവർ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൂന്നാഴ്ചത്തേക്ക് അകന്ന് നിൽക്കുക. അവരുടെ മലത്തിലൂടെ വൈറസ് മൂന്നാഴ്ചത്തേക്ക് പുറത്തു പോയിക്കൊണ്ടിരിക്കുന്നതിനാൽ അവർ മൂന്നാഴ്ചത്തേക്ക് സ്വന്തമായി ഒരു ശുചിമുറിയും സ്വന്തമായി പാത്രങ്ങളും ഉപയോഗിക്കുക മറ്റുള്ളവരുമായി ഇടപെടാതെ ഇരിക്കുക. അത്തരത്തിൽ മഞ്ഞപ്പിത്ത ബാധയുള്ളവരിൽ നിന്നും മറ്റുള്ളവർ മൂന്നാഴ്ചത്തേക്ക് അകന്നു നിൽക്കണം.
4. രോഗലക്ഷണങ്ങൾ കണ്ടാൽ ആരും സ്വയം ചികിത്സയോ അശാസ്ത്രീയചികിത്സയോ സ്വീകരിക്കരുത്. ഡോക്ടറെ സമീപിച്ചു വിദഗ്ധ ചികിത്സ തേടണം.

date