അറിയിപ്പുകൾ-1
ഗതാഗതം ഭാഗികമായി തടസപ്പെടും
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡില്‍ ഉപരിതല പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഒളിമ്പിക്‌സ് മാതൃകയിൽ ദീപശിഖ ഘോഷയാത്ര ഇന്ന്
ആദ്യമായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ കായികമേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖ ഘോഷയാത്ര ഇന്ന് (നവംബര്‍ രണ്ട്) കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. കാസറഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രയാണത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് ആദ്യ സ്വീകരണം നല്‍കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍ നയിക്കുന്ന ദീപശിഖ പ്രയാണം പ്രമുഖ കായിക താരങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുവാങ്ങും. രാവിലെ 11 മണിക്ക് താമരശ്ശേരി പോസ്റ്റ് ഓഫീസ് പരിസരത്തുള്ള ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍, ബാനറുകള്‍ പിടിച്ച വിദ്യാര്‍ഥികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, എസ്പിസി, എന്‍സിസി, കായിക വസ്ത്രധാരികളായ കായികതാരങ്ങള്‍, കായിക അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ അണിനിരക്കും. തുടര്‍ന്ന് ദീപശിഖാ റാലി ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ താമരശ്ശേരി ഗവ. യു.പി.എസ് സ്‌കൂളിലെത്തും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ദീപശിഖാപ്രയാണം ജില്ലയിലെ മറ്റു സ്വീകരണകേന്ദ്രങ്ങളിലേക്ക് നിങ്ങും.
കണ്ടിജന്‍സി: ടെൻഡര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സിയില്‍ ഉള്‍പ്പെടുത്തി അത്യാവശ്യമുള്ള രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മല്‍സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെൻഡര്‍ തിയ്യതി നവംബര്‍ 16. ഫോണ്‍:0495-2373566, 9496904270.
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ തീയതിയില്‍ മാറ്റം
കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തെരഞ്ഞെടുക്കുന്നതിനായി നവംബര്‍ ഒന്‍പതിന് നടത്താനിരുന്ന എഴുത്തു പരീക്ഷ 10 ലേക്ക് മാറ്റിയതായി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം അന്ന് പരീക്ഷക്ക് എത്തണം. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.
പാലയാട് ദേശീയ വായനശാലയ്ക്ക് പുതിയ കെട്ടിടം
മണിയൂര്‍ പഞ്ചായത്തിലെ പാലയാട് നടയില്‍ 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാലയാട് ദേശീയ വായനശാലയ്ക്ക് കെ കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ നടത്തും. പാലയാട് എല്‍പി സ്‌കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപികരണ യോഗത്തിലാണ് തീരുമാനം. ഇ നാരായണന്‍ മാസ്റ്റര്‍ ചെയ്ര്‍മാനും കെ.കെ. രാജേഷ് മാസ്റ്റര്‍ ജനറല്‍ കണ്‍വിനറുമായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി പാലയാട് നടയില്‍ ഗ്രാമോത്സവം എന്ന പേരില്‍ വിവിധ പരിപാടികള്‍ നടത്തും. എ ഐ സാങ്കേതിക വിദ്യയെപ്പറ്റി വിദ്യര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പഠന ക്ലാസ്സ്, സ്ത്രീ സുരക്ഷാ സംവാദം, പ്രതിഭാസംഗമം, 'മുന്‍കാല പ്രവർത്തകരുടെ സംഗമം, നാടറിയുക നാട്ടാരെ അറിയുക - കഴിവു തെളിയിച്ച നാട്ടാരുടെ സംഗമം, സാഹിത്യസംഗമം, വനിതാസംഗമം, കലാ സംഗമം എന്നിവ സംഘടിപ്പിക്കും. നാട്ടുകാരുടെ കഥ, കവിത, ലേഖനങ്ങള്‍, അനുഭവങ്ങള്‍, വര, നാട്ടു ചരിത്രം എന്നിവ ഉള്‍പ്പെടുത്തി സ്മരണികയും പുറത്തിറക്കും. 28 ന് കലാസന്ധ്യയില്‍ വിവിധ നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ഡിസംബര്‍ 29 ന് എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്യും. അന്ന് ദിവസം നവരസ മ്യൂസിക് ബാന്‍ഡിന്റെ സംഗിത നിശയും ഉണ്ടായിരിക്കും.
ബി.എം.എസ്. ടെക്‌നീഷ്യന്‍ അഭിമുഖം
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ബി.എം.എസ്. ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രായപരിധി : 18-36 ഇടയിൽ. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ - 0495 2355900.
- Log in to post comments