Skip to main content

ഭക്ഷണ വിവരങ്ങൾ അറിയാൻ ക്യുആർ കോഡ്

 

കേരള സ്കൂൾ കായികമേളയുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. ക്യുആർ കോഡിന്റെ പ്രകാശനം കൊച്ചി മേയർ എം അനിൽ കുമാറിന്റെ സാന്നിദ്ധ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി എറണാകുളം റസ്റ്റ് ഹൗസിൽ നിർവ്വഹിച്ചു. ചുമതലക്കാരുടെ ഫോൺ നമ്പറുകൾ, വിതരണ കേന്ദ്രങ്ങൾ, വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുളള വഴി തുടങ്ങിയ വിവരങ്ങൾ ക്യു ആർ കോഡിലുണ്ട്. പ്രതിദിനം 12 കേന്ദ്രങ്ങളിൽ ഇരുപതിനായിരത്തിൽ പരം പേർക്കു മൂന്നുനേരം സുഗമമായി ആഹാരം നൽകുന്നതിനായി വിപുലമായ സംവിധാനങ്ങളാണു ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. പൊതുവായ സംഘാടക സമിതിക്കു പുറമെ എല്ലായിടങ്ങളിലും രൂപം കൊടുത്തിട്ടുള്ള പ്രാദേശിക സമിതികൾ ഭക്ഷണ വിതരണത്തിനു നേതൃത്വം നൽകും. അദ്ധ്യാപകർ, അദ്ധ്യാപക വിദ്യാർത്ഥികൾ, വോളന്റിയേഴ്സ് എന്നിവരടങ്ങുന്ന ടീം ഓരോ വിതരണ കേന്ദ്രത്തിലും ബാച്ചുകളായി തിരിഞ്ഞ്  തിരക്കില്ലാതെ ഭക്ഷണം വിളമ്പി നൽകും. മഹാരാജാസ് സ്റ്റേഡിയത്തിനു സമീപം തയ്യാറാക്കിയിരിക്കുന്ന പ്രധാന പന്തലിൽ ഒരേ സമയം ആയിരം പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. ഓരോ മത്സരാർത്ഥിക്കും കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന വിതരണ കേന്ദ്രത്തിൽ നിന്നു മാത്രമായിരിക്കും ഭക്ഷണം ലഭിക്കുക. കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ചെയർമാനും എൽ മാഗി കൺവീനറുമായി ഒരു സംഘം അദ്ധ്യാപകർ കർമനിരതരായി രംഗത്തുണ്ട്.

date