Skip to main content

സംസ്ഥാന ഇൻക്ലൂസീവ് കായികമേള: കണ്ണൂർ ജില്ലയിൽനിന്ന് 105 കുട്ടികൾ

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായികമേളയിൽ കണ്ണൂർ ജില്ലയിൽ നിന്നും 105 കുട്ടികൾ പങ്കെടുക്കുന്നു. ഗെയിംസ് ഇനത്തിൽ 70 കുട്ടികളും അത്‌ലറ്റിക്‌സ് ഇനത്തിൽ 35 കുട്ടികളുമാണ് ബി.ആർസി, ജില്ലാ തലങ്ങളിലായി നടന്ന സെലക്ഷൻ ട്രയലുകളിലൂടെ സംസ്ഥാന കായികമേളയിലേക്ക് തെരഞ്ഞെടുക്കെപ്പെട്ടത്. സ്റ്റാന്റിംഗ് ജമ്പ്, ത്രോ ബോൾ, റിലേ 100 മീറ്റർ ഓട്ടം എന്നിങ്ങനെ അത്ലറ്റിക് വിഭാഗത്തിൽ കുട്ടികളിൽ ഗൈഡ് റണ്ണർമാരായി ജനറൽ കാറ്റഗറിയിലെ കുട്ടികളും ഉൾപ്പെടും. ചിട്ടയായ പരിശീലനവും ചടുലമായ നേതൃത്വ ശേഷിയും സമയോചിതമായി നൽകിയതിനു ശേഷമാണ് കുട്ടികളെ ജില്ലാ ടീമിലേക്ക് തയ്യാറാക്കിയത്. മേളയിൽ പങ്കെടുക്കുന്നവരെല്ലാവരും നവംബർ മൂന്നിന് രാത്രി എട്ട് മണിക്ക് കണ്ണൂരിൽ നിന്നും മൂന്ന് ബസ്സുകളിലായി യാത്ര പുറപ്പെടും.

എസ്.എസ്.കെ കണ്ണൂർ ഡിപിസി ഇ സി വിനോദ്, ഡിപിഒമാരായ ഡോ. പി കെ സബിത്ത്, രാജേഷ് കടന്നപ്പള്ളി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.ദീപേഷ്  എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
തളിപ്പറമ്പ് നോർത്ത്, കണ്ണൂർ നോർത്ത്, തലശ്ശേരി സൗത്ത് എന്നിവിടങ്ങളിലായി കുട്ടികൾക്ക് യാത്രയപ്പ് നൽകി. ജില്ലാതല യാത്രയയപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിികളും രക്ഷിതാക്കളും അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.
ആദ്യമായാണ് ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായികമേള സംഘടിപ്പിക്കുന്നത്. 1600ഓളം ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകളാണ് എറണാകുളത്ത് നവംബർ നാലിന് തുടങ്ങുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്നത്.
 

date