Skip to main content

*ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ 1490 പോളിങ് ഉദ്യോഗസ്ഥർ* * രണ്ടാംഘട്ട റാൻഡമൈസേഷൻ നടന്നു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള പോളിങ് ഉദ്യോഗസ്ഥരുടെ  രണ്ടാംഘട്ട റാൻഡമൈസേഷൻ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പൊതുനിരീക്ഷകൻ എം. ഹരിനാരായൺ, ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ വി.ആർ വിനോദ് എന്നിവരുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിലായിരുന്നു റാൻഡമൈസേഷൻ.

 

മൂന്ന് മണ്ഡലങ്ങളിലേക്കുമായി 1490 ഉദ്യോഗസ്ഥരെയാണ് ഓർഡർ സോഫ്റ്റ് വെയർ വഴി പോളിങ് ഡ്യൂട്ടിക്ക് തിരഞ്ഞെടുത്തത്. ഏറനാട് മണ്ഡലത്തിൽ 436 ഉം നിലമ്പൂരിൽ 524 ഉം വണ്ടൂരിൽ 530 ഉം ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയുണ്ടാകും. 25 ശതമാനം റിസർവ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണിത്.

ഏറനാട് 174 ഉം നിലമ്പൂരിൽ 209 ഉം വണ്ടൂരിൽ 212 ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസർ, ഒരു ഫസ്റ്റ് പോളിങ് ഓഫീസർ, രണ്ട് പോളിങ് ഓഫീസർമാർ എന്നിങ്ങനെയാണ് ഡ്യൂട്ടിയിലുണ്ടാക്കുക.

 

മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള 14 സൂക്ഷ്മ നിരീക്ഷകരെയും റാൻഡമൈസേഷൻ വഴി തിരഞ്ഞെടുത്തു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ഓഫീസിൽ നടന്ന റാൻഡമൈസേഷനിൽ അസിസ്റ്റൻ്റ് കളക്ടർ വി.എം. ആര്യ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ഉപവരണാധികാരികളായ  സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ ജി, നോർത്ത് ഡി.എഫ്.ഒ കാർത്തിക് പി,  ജില്ലാ സപ്ലൈ ഓഫീസർ ജോസി ജോസഫ് ക, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ പി. പവനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

date