അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ
അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്റെ (ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്‌കൂൾസ്-ഐ എഫ് ടി എസ്) മൂന്നാം പതിപ്പ് 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ തൃശ്ശൂരിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 'തിയേറ്ററും നൈതികതയും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അധ്യാപനശാസ്ത്ര കാർണിവലായാണ് ഫെസ്റ്റ് നടക്കുന്നത്. തിയേറ്ററും അതിന്റെ ധാർമികതയും സംബന്ധിച്ചുള്ള പഠനങ്ങളാണ് പ്രമേയത്തിന്റെ അടിസ്ഥാനം. കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോക വൈജ്ഞാനിക മേഖലയിൽ തന്നെ നൂതനമാതൃകയായാണ് തിയേറ്റർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിയേറ്റർ പ്രതിഭയും അധ്യാപകനുമായ ഡോ. അഭിലാഷ് പിള്ളയെ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ പദവിയിൽ നിയമിച്ചതിന്റെ തുടർച്ചയാണിത്. സാർവ്വദേശീയ തിയറ്റർപഠന സ്‌കൂളുകളുടെ ബോധനശാസ്‌ത്രോത്സവമായാണ് ഐ എഫ് ടി എസ് ആരംഭിച്ചത്. ഇതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുന്നു. വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് തിയേറ്റർ ഫെസ്റ്റ് മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.
കലയ്ക്കും മാനവികശാസ്ത്ര പഠനങ്ങൾക്കുമപ്പുറം ബിസിനസും പ്രകൃതിശാസ്ത്രവും അപ്ലൈഡ് സയൻസും ഉൾപ്പെട്ട പഠനമേഖലകളിലേക്കും സഹഭാവത്തിന്റെയും സർഗ്ഗാത്മകതയുടെയും സംസ്‌കാരം വളർത്താനും തിയേറ്റർ ഫെസ്റ്റ് ഉദ്ദേശിക്കുന്നു. ഇതിലൂടെ നൈതികവും സുസ്ഥിരവുമായ പ്രയോഗരീതികളിലേക്ക് സമൂഹത്തെ നയിക്കാൻ ബോധനശാസ്ത്രത്തിനു കഴിയണമെന്നതാണ് ഫെസ്റ്റിവലിന്റെ കാഴ്ചപ്പാട്. പരമ്പരാഗത വിദ്യാഭ്യാസരീതികളുടെ അതിർത്തികളെ മറികടക്കാൻ തിയേറ്ററിന്റെ സാധ്യതകളെ ഉപയോഗിക്കാൻ കഴിയണം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും തെരഞ്ഞെടുക്കുന്ന നാടകപ്രവർത്തകരുമടക്കം ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും. അരണാട്ടുകര ക്യാമ്പസിലെ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ശില്പശാലയോടൊപ്പം പരിശീലനക്കളരി, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോഗി, പ്രദർശനം എന്നിവ നടക്കും. പങ്കാളികളാവുന്ന സർവ്വകലാശാലകളിലെ വിദ്യാർഥികളുടെ നാടകാവതരണങ്ങളും അരങ്ങേറും. രണ്ടാമത് ഐ.എഫ്.ടി.എസിന്റെ ഭാഗമായി രൂപം കൊടുത്ത നാല് റിസർച്ച് ഫെല്ലോഷിപ്പുകൾ ഈ വർഷവും തുടരും. അധ്യാപകർക്കായി ഓരോ സീനിയർ ഫെല്ലോഷിപ്പും ഒരു എജ്യുക്കേഷൻ എക്സലൻസ് അവാർഡും ഈ വർഷം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 4954/2024
- Log in to post comments