ചേര്‍ത്തുപിടിച്ച് കായികമേള; 'സവിശേഷം' ഈ മേള
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇക്കുറി 'സവിശേഷ' തുടക്കം. എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സവിശേഷ പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി സമര്‍പ്പിച്ച ദിനത്തോടെയാണ് ഇത്തവണത്തെ കായിക മേള തുടങ്ങിയത്. ഇക്കുറി ആദ്യമായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച മേളയില്‍ ഒരുക്കിയ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സാണ് മേളയെ സവിശേഷമാക്കിയത്. കുട്ടികള്‍ക്ക് പ്രോത്സാഹനമേകാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി തന്നെ കായിക വേദികളിലുമെത്തി. ഏറെ നേരം കായികതാരങ്ങള്‍ക്കൊപ്പം ചെലവഴിച്ച മന്ത്രി പ്രധാന വേദിയോടു ചേര്‍ന്നുള്ള ഊട്ടുപുരയില്‍ കുട്ടികള്‍ക്കൊപ്പമിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. ഒളിമ്പിക്‌സ് വേദിയില്‍ പ്രധാന ഒളിമ്പിക്‌സ് അവസാനിച്ച ശേഷം പിന്നീടാണ് സവിശേഷപരിഗണന അര്‍ഹിക്കുന്നവര്‍ക്കായുള്ള പാരാലിമ്പിക്‌സ് നടത്താറ്. എന്നാല്‍ സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ അവര്‍ക്കായുള്ള മത്സരങ്ങള്‍ ആദ്യദിനം തന്നെ നടത്തുകയായിരുന്നു.
14 ജില്ലകളില്‍ നിന്നുമെത്തിയ 1600 ഓളം കായിക പ്രതിഭകളാണ് ഇന്‍ക്ലൂസീവ് കായികമേളയില്‍ പങ്കെടുത്തത്. പെണ്‍കുട്ടികള്‍ക്കുള്ള ഹാന്‍ഡ്‌ബോള്‍, ആണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍, മിക്‌സഡ് ബാഡ്മിന്റണ്‍, 4 X 100 മീറ്റര്‍ മിക്‌സഡ് റിലേ, കാഴ്ചപരിമിതര്‍ക്കുള്ള 100 മീറ്റര്‍, മിക്‌സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ്, മിക്‌സഡ് സ്റ്റാന്‍ഡിങ് ത്രോ എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
- Log in to post comments