കൈപ്പന്തുകളിയില്‍ വിജയം എറിഞ്ഞു പിടിച്ച് തലസ്ഥാനം
രണ്ടു വിഭാഗങ്ങളിലും തിരുവനന്തപുരം ഒന്നാമത്
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്തി നടത്തിയ 14 വയസ്സിന് താഴെയുള്ളവരുടെയും മുകളിലുള്ളവരുടെയും ഹാന്‍ഡ് ബോള്‍ മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് മലപ്പുറം ജില്ലയ്‌ക്കെതിരെ തിരുവനന്തപുരം വിജയം നേടിയത്. രണ്ടാം സ്ഥാനം മലപ്പുറം ജില്ലയും മൂന്നാം സ്ഥാനം പാലക്കാട് ജില്ലയും നേടി. 14 വയസ്സിനു മുകളിലുള്ള കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനെതിരെ നടന്ന മത്സരത്തില്‍ 14 ഗോള്‍ നേടിയാണ് തിരുവനന്തപുരം വിജയിച്ചത്. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയും മൂന്നാം സ്ഥാനം പാലക്കാട് ജില്ലയും നേടി.
14 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ബെസ്റ്റ് പ്ലെയര്‍ തിരുവനന്തപുരത്തെ അതുല്യ ബാബുവാണ്. എമര്‍ജിങ് പ്ലെയര്‍ പാലക്കാടിന്റെ നയന എസ് ആണ്്. 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ഫാത്തിമ സല ബെസ്റ്റ് പ്ലെയറായും തിരുവനന്തപുരത്തിന്റെ കരുണ പ്രിയ എച്ച്. ആര്‍ എമര്‍ജിങ് പ്ലെയറായും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മാന്വലിന്റെ അടിസ്ഥാനത്തിലാണ് തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്. എസ്. എസില്‍ മത്സരങ്ങള്‍ നടന്നത്. വിദ്യാര്‍ഥിനികളുടെ ഹാന്‍ഡ് ബോള്‍ മത്സരങ്ങളില്‍ 350പേര്‍ പങ്കെടുത്തു. 14 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തില്‍ സംസ്ഥാനത്തെ മുഴുവനും ജില്ലകളും പങ്കെടുത്തപ്പോള്‍ 14 വയസ്സില്‍് താഴെയുള്ളവരുടെ വിഭാഗത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളും പങ്കെടുത്തു.
- Log in to post comments