Skip to main content

ഉള്ളൂര്‍ മുതല്‍ വിനോദ് പൂവക്കാട് വരെ; മനം കവര്‍ന്ന് കവിതാലാപന മത്സരം

ശുദ്ധ സാഹിത്യത്തിനും ഭാഷാ സ്‌നേഹത്തിനും ഔദ്യോഗിക തിരക്കുകള്‍ വിലങ്ങുതടിയല്ലെന്ന് വീണ്ടും ഓര്‍മിപ്പിച്ച് കവിതാലാപന മത്സര വേദിയിലെക്കെത്തി ജീവനക്കാര്‍. ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തില്‍ കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവക്കാര്‍ പങ്കെടുത്തു.

ഉള്ളൂരും വയലാറും വൈലോപ്പള്ളിയും ശ്രീകുമാരന്‍ തമ്പിയും ഒ.എന്‍.വിയും കുരീപ്പുഴയും മാത്രമല്ല എം.എന്‍ പാലൂരും പുതുശ്ശേരി രാമചന്ദ്രനും മുരുകന്‍ കാട്ടാക്കടയും വിനോദ് പൂവക്കാടുമെല്ലാം നിറഞ്ഞ കവിതാലാപന മത്സരം ആസ്വാദകരുടെ മനം കവര്‍ന്നു. 11 പേര്‍ മത്സരിച്ചപ്പോള്‍ കുരീപ്പുഴ ശ്രീകുമാറിന്റെ ജെസ്സി ചൊല്ലിയ ഇറിഗേഷന്‍ കാസര്‍കോട് ഡിവിഷന്‍ ജീവനക്കാരനായ എം. എസ് സുധീഷ് കുമാര്‍ ഒന്നാം സ്ഥാനം നേടി. എം.എന്‍. പാനൂരിന്റെ ഉഷസ്സ് ചൊല്ലിയ പെരിയ സി.എച്ച്.സി ജീവനക്കാരനായ എം.പി ശ്രീനിവാസന്‍ രണ്ടാം സ്ഥാനം നേടി. ഒ.എന്‍.വി കുറുപ്പിന്റെ കറുത്ത പാടുകള്‍ കവിത ചൊല്ലിയ ജില്ലാ പോലീസ് ഓഫീസിലെ ജീവനക്കാരിയായ മേഘ്‌ന മൂന്നാം സ്ഥാനവും നേടി.

വിഷയം, ആലാപന മികവ്, കവിതയുടെ ഒഴുക്ക്, ഭാവം, അവതരണം, ഉച്ചാരണ ശുദ്ധി, സമയക്രമം എന്നിവ വിലയിരുത്തിയാണ് വിധികര്‍ത്താക്കള്‍ ഫലം നിര്‍ണ്ണയിച്ചത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫ. സി. ചന്ദ്രരാജ്, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ആര്‍.രേഖ, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജി.സുരേഷ്ബാബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന, അക്ഷര ലൈബ്രറി സെക്രട്ടറി കെ മുകുന്ദന്‍  സംസാരിച്ചു.

date