Skip to main content

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; തെളിമ പദ്ധതി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ

പൊതു വിതരണ ഉപഭോക്തൃ വകുപ്പ് 2024 ലെ തെളിമ പദ്ധതി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടത്താന്‍ തീരുമാനിച്ചു.  ഈ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നൽകുന്നതിന് പുറമെ അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കുന്നവരുടെ വിവരങ്ങള്‍ റേഷന്‍ ഡിപ്പോകളിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ലൈസന്‍സി/സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങള്‍, റേഷന്‍ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, ഉപഭോക്താവ് എന്ന നിലയില്‍ റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാള്ള അഭിപ്രായങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം.  കൂടാതെ ഇ-കെ.വൈ.സി നിരസിക്കപ്പെട്ടവരുടെ പേരുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകളും സ്വീകരിക്കും.

ഈ പദ്ധതികള്‍ പ്രകാരമുള്ള പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അഭിപ്രായങ്ങളും ഫോണ്‍ നമ്പര്‍ സഹിതം റേഷന്‍ ഡിപ്പോകളില്‍ ഇതിനായി പ്രത്യേകം തയ്യാറാക്കി സ്ഥാപിക്കുന്ന ചതുരപ്പെട്ടിയില്‍ നിക്ഷേപിക്കാം.  ഡിസംബര്‍ 15 വരെ നിക്ഷേപിക്കപ്പെടുന്ന പരാതികളിലും അപേക്ഷകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കും.  വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം, റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം എന്നിവ റേഷന്‍ കാര്‍ഡില്‍ പുതുതായി ചേര്‍ക്കുന്നതിനോ മാറ്റങ്ങള്‍ വരുത്തുന്നതിനോ ഉള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ലെന്നും അവ ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04994 - 255138.

date