Skip to main content

മാലിന്യ സംസ്‌ക്കരണത്തിന് വീഴ്ച: സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ഈടാക്കി

മാലിന്യ സംസ്‌കരണ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനായി തദ്ദേശ സ്വയംഭരണവകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനന്തപുരം വ്യവസായ പാര്‍ക്കിലെ സ്ഥാപനങ്ങള്‍, പനത്തടിയിലെ ക്വാര്‍ട്ടേഴ്സ്, മുളിയാറിലെ അപ്പാര്‍ട്ട്മെന്റ് എന്നീ സ്ഥാപനങ്ങളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5000 രൂപ വീതം തത്സമയ പിഴ ചുമത്തി. മലിനജലം തുറത്തായ സ്ഥലത്തേക്ക് ഒഴുക്കിവിട്ട് വൃത്തിഹീനമാക്കിയതിന്  കമ്പനി ഉടമയില്‍ നിന്നും 7500 രൂപ തത്സമയ പിഴയും ഈടാക്കി. അജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സംവിധാനം ഒരുക്കാത്തതിന് കാസര്‍കോട് കറന്തക്കാടുള്ള ക്വാര്‍ട്ടേഴ്സ് ഉടമയ്ക്ക് 5000 രൂപയും  മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്  ക്വാര്‍ട്ടേഴ്‌സ് ഉടമയ്ക്ക് 10000 രൂപയും പിഴ ചുമത്തി. ഉപയോഗ ജലം  തുറസ്സായ  സ്ഥലത്തേക്ക്  ഒഴുക്കി  വിട്ടതിന് നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ റസ്റ്റോറന്റ് ഉടമയ്ക്കും ചെങ്കള ബിസി റോഡിലെ അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്കും 10000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന്  കള്ളാറിലെ തട്ടുകട, ഹോട്ടല്‍,  പാണത്തൂരിലെ ബീഫ് സ്റ്റാള്‍ ഉടമകളില്‍ നിന്നും 2000 രൂപ വീതവും മുള്ളേരിയയിലെ ബോവിക്കാനം റോഡിലുള്ള രണ്ട് കോര്‍ട്ടേഴ്സുകളില്‍ നിന്നും ബാവിക്കര സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും  ചീമേനി സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ നിന്നും 3000 രൂപ വീതവും മാലിന്യ തോതനുസരിച്ച്  തല്‍സമയ പിഴ ചുമത്തി.  അന്തേവാസികള്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയതിനാല്‍ വോര്‍ക്കാടിയിലെ അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്ക് 5000 രൂപയും, കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് സ്റ്റോര്‍ ഉടമയ്ക്ക് 2500 രൂപയും പിഴ നല്‍കി.
പരിശോധനയില്‍  സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി,  പി.പി സുരേശന്‍,   ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി അംബിക, എം സജിത , കെ.പി രചന,  പി.കെ ജാസ്മിന്‍ , സ്‌ക്വാഡ് അംഗങ്ങളായ കെ സന്ദേശ്, ആര്‍ അക്ഷയ്കുമാര്‍,  ഇ.കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.
 

date