*സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും മലയാളം പ്രയോജനപ്പെടുത്തണം: ഐ.ജി കെ.സേതുരാമന്‍*
ഏത് വൈജ്ഞാനിക ശാഖകളെയും ഉള്‍ക്കൊള്ളാനുള്ള വ്യാപ്തി മലയാളഭാഷയ്ക്ക് ഉണ്ടെന്ന് ഉത്തരമേഖലാ ഐ.ജി കെ. സേതുരാമന്‍ പറഞ്ഞു. ഇംഗ്ലീഷിലൂടെ മാത്രമേ ശാസ്ത്രമടക്കമുള്ള വിഷയങ്ങള്‍ പഠിക്കാനാവൂ എന്ന ധാരണ ലോകവ്യാപകമായി തിരുത്തപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടേ മലയാള ഭാഷയ്ക്ക് കൂടുതല്‍ വളരാനാവൂ. അതിനായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍, വിക്കിപീഡിയ തുടങ്ങിയവയുടെ സാധ്യതകള്‍ മലയാളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും സമാപനസമ്മേളനം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളം സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എം ഭരതന്‍ അധ്യക്ഷത വഹിച്ചു. പറവണ്ണ ഗവ. ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച `കെ.പി കുട്ടി വാക്കാട്-എഴുത്തും ജീവിതവും' എന്ന പുസ്തകം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍ സുഷമ പ്രകാശനം ചെയ്തു. ഐ.ജി കെ. സേതുരാമന്‍ പുസ്തകം ഏറ്റുവാങ്ങി. ഐ- പി.ആര്‍.ഡി റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ പി.എ റഷീദ് പുസ്തകം പരിചയപ്പെടുത്തി. ഐ-പി.ആര്‍.ഡി അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, പി.വി ഹമീദ്, കെ.പി കുട്ടി വാക്കാട്, ഡോ. സ്മിത കെ.നായര്‍, സ്വപ്‌ന റാണി എസ്.എസ് തുടങ്ങിയവര്‍ സംസാരിച്ചു. വാഹിദ് ഉണ്ണ്യാല്‍ അവതരിപ്പിച്ച കവിതയുടെ ദൃശ്യാവിഷ്‌കാരവും വേദിയില്‍ അരങ്ങേറി.
- Log in to post comments