ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
മുതലപ്പൊഴിയിലെ അപകട പരമ്പരയെത്തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സ്മാർട്ട് ആൻഡ് ഗ്രീൻ ഹാർബറായി ഉയർത്തുന്നതിന് 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിൽ നിന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കുവാനും പതിനെട്ട് മാസത്തിനകം പൂർത്തീകരിക്കുവാനും നടപടികൾ സ്വീകരിച്ചുവരുന്നതായി മത്സ്യബന്ധന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൂടാതെ അദാനി പോർട്ട്സ് ലോഡ് ഔട്ട് ഫെസിലിറ്റി നിർമ്മിക്കുന്നതിനായി മുറിച്ചുമാറ്റിയ തെക്കേ പുലിമുട്ടിന്റെ ഭാഗം പൂർവ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും സെക്രട്ടറി റിപ്പോർട്ട് നൽകി.
നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പാസ്പോർട്ട് എടുക്കുന്നതിന് പൂന്തുറ പോലീസ് ലോസ്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പൂന്തുറ സ്വദേശിയുടെ പരാതിയിൽ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകിയതായുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടികൾ അവസാനിപ്പിച്ചു.
നിയമനാംഗീകാരം ലഭിച്ച ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ, സർക്കാർ എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
- Log in to post comments