കായികമേളയുടെ ആവേശത്തിനൊപ്പം പതിനായിരങ്ങള്‍ക്ക് രുചി പകര്‍ന്ന് പഴയിടത്തിന്റെ മാരത്തണ്‍
സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ തുടക്കം മുതല്‍ മേളയുടെ ആവേശത്തിനൊപ്പം രുചിയുടെ മാരത്തണ്‍ തീര്‍ക്കുകയാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ടീം രുചി. ഓരോ നേരവും പതിനായിരങ്ങളുടെ വിശപ്പടക്കാനും രുചിപകരാനുമായി 300 ഓളം പേരാണ് അവിരാമം പാചകപ്പുരയില്‍ പണിയെടുക്കുന്നത്.
മേളക്കെത്തിയ മുഴുവന്‍ പേര്‍ക്കും ഭക്ഷണം ഒരുക്കുന്നതിന് 6 കേന്ദ്രങ്ങളിലായാണ് പാചകപ്പുര ഒരുക്കിയിരിക്കുന്നത്. 17 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ കായികതാരങ്ങള്‍ക്കും മേളയുടെ ഭാഗമായ മറ്റുള്ളവര്‍ക്കും വേണ്ടി 12 ഭക്ഷണ വിതരണ കേന്ദ്രങ്ങളാണ് ആദ്യം ഒരുക്കിയിരുന്നതെങ്കിലും പിന്നീട് മത്സരാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം അത് 13 ആക്കി ഉയര്‍ത്തുകയായിരുന്നു.
രുചിയിടം, കൊച്ചിന്‍ കഫേ, കടലോരം തുടങ്ങി പ്രാദേശിക തനിമയുള്ള പേരുകളാണ് ഓരോ വിതരണകേന്ദ്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും മേളയുടെ ഭാഗമായെത്തിയ എല്ലാവര്‍ക്കും കുറ്റമറ്റ രീതിയില്‍ ഭക്ഷണം നല്‍കാന്‍ സാധിച്ച സംഘത്തിന് ഉദ്ഘാടനദിവസം 16000 ത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കാനായി. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി പതിനാലായിരത്തോളം പേര്‍ക്ക് വീതം മൂന്നു നേരം ഭക്ഷണം നല്‍കി. കൂടാതെ െൈവകിട്ട് ചായയും ലഘുപലഹാരവും നല്‍കുന്നുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ നിയോഗിച്ച ന്യൂട്രീഷ്യന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. ഓരോ ദിവസവും പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ വിഭാഗങ്ങളിലായി കൊതിയൂറുന്ന വിഭവങ്ങളാണ് പാചകപ്പുരയില്‍ ഒരുങ്ങുന്നത്. ചോറ്, കറികള്‍ എന്നിവയ്ക്ക് പുറമെ ചപ്പാത്തി, ചിക്കന്‍ കറി, ബീഫ് കറി, മുട്ട, പാല്‍, പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മല്‍സരങ്ങള്‍ക്കിടെ വിശന്നെത്തുന്ന കായികതാരങ്ങളില്‍ ഒരാള്‍ക്കുപോലും ഭക്ഷണത്തിനായി കാത്തു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കാതെ കൃത്യമായും, സമയബന്ധിതവുമായാണ് ഫുഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.
- Log in to post comments