Skip to main content

ശബരിമല: ഭക്തർക്ക് ദാഹമകറ്റാൻ  ചൂടുവെള്ളം

*വിശ്രമിക്കാൻ കൂടുതൽ ഇരിപ്പിടം

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും.

2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏൽപ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ  ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. നിലവിൽ മണിക്കൂറിൽ 4000  ലിറ്റർ സംഭരണശേഷിയുള്ള  ശരം കുത്തിയിലെ  ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റർ ആക്കി ഉയർത്തി. ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതൽ ഇത്തവണ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. പമ്പയിൽ വനിതകൾക്കായി പ്രത്യേക  വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെന്ററിൽ 50 പേർക്കുള്ള  സൗകര്യം കൂടി ഒരുക്കും.

നിലയ്ക്കലിൽ 1045  ടോയ്‌ലറ്റുകൾ സജ്ജീകരിച്ചു. പമ്പയിലുള്ള 580 ടോയ്‌ലറ്റുകളിൽ നൂറെണ്ണം സ്ത്രീകൾക്കുള്ളതാണ്. സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകൾ നിലവിലുണ്ട്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലധികം ബയോ ടോയ്‌ലെറ്റുകളും ബയോ യൂറിനലുകളും   സ്ഥാപിച്ചു.

ഭക്തർക്ക് ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ് നിലവിൽ കരുതിയിട്ടുണ്ട്. അപ്പംഅരവണ എന്നിവയുടെ ബഫർ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോൾ 40 ലക്ഷം കണ്ടെയ്‌നർ ബഫർ സ്റ്റോക്കിൽ ഉറപ്പാക്കാനാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പി.എൻ.എക്‌സ്5010/2024

 

date