കുട്ടിപ്പട പറയുന്നു; ഇത് ഞങ്ങളുടെ മേള
കൗമാരകേരളത്തിന്റെ കായികമികവുകള്‍ അടയാളപ്പെടുത്തി മുന്നേറുന്ന സംസ്ഥാനസ്‌കൂള്‍ കായികമേളയെ പിഴവുകളില്ലാത്ത മഹാമേളയാക്കുന്നതും കുട്ടികള്‍ തന്നെ. 25000 ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സംസ്ഥാനത്തെ ആദ്യ ഒളിമ്പിക്‌സ് മാതൃകയിലുള്ള കായികമേളയുടെ സുഗമമായ നടത്തിപ്പും സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 2500 പേരടങ്ങുന്ന കുട്ടിപ്പടയാണ് സര്‍വ്വസജ്ജരായി രംഗത്തുള്ളത്.
എന്‍സിസി, എസ്പിസി, എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളടക്കം വിവിധ വിദ്യാലയങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സേവനനിരതരായി വേദികളിലുള്ളത്.
'ഞങ്ങള്‍ക്കിത് രസമുള്ള അനുഭവമായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി ഇത്രയും വലിയ കായികമേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്' അധ്യാപകര്‍ നിര്‍ദേശിച്ച അടുത്ത വേദിയിലേക്കുള്ള ഓട്ടത്തിനിടെ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ശുഭഹരിണിയും കൃഷ്ണ ഗിരീഷ്‌കുമാറും പറഞ്ഞു.
ഉദ്ഘാടന ദിവസം മുതല്‍ മല്‍സരങ്ങള്‍ നടക്കുന്ന ജില്ലയിലെ വേദികളിലെല്ലാം കായികമേളയുടെ തൊപ്പിയും ബാഡ്ജും അണിഞ്ഞ് ഊര്‍ജ്ജസ്വലരായി, എല്ലാവര്‍ക്കും വേണ്ട സേവനങ്ങള്‍ നല്‍കി ഈ കുട്ടിപ്പടയുണ്ട്. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, മെഡിക്കല്‍ സേവനം, വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണം, പ്രവേശന കവാടം, പുറത്തേക്കുള്ള വഴികള്‍, ഭക്ഷണപ്പുര, മെഡിക്കല്‍ ടീം, മൈക്ക് പോയിന്റ് തുടങ്ങി സേവനം വേണ്ട എല്ലാ ഇടങ്ങളിലും അവര്‍ ഓടിയെത്തുന്നു. കായികമേളയുടെ സുഗമനടത്തിപ്പിനായി രൂപീകരിച്ച 14 കമ്മിറ്റികളില്‍ ലോ ആന്റ് ഓര്‍ഡര്‍ കമ്മിറ്റിക്കാണ് വിദ്യാര്‍ഥികളുടെ ഏകോപനച്ചുമതല. സന്നദ്ധസേവകരായ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകസംഘവുമുണ്ട്.
- Log in to post comments