Skip to main content

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ ഡയറിയായി എറണാകുളം മില്‍മ

 

രണ്ട് മെഗാവാട്ട് സൗരോര്‍ജ പാനല്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു
 
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങിൽ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി പങ്കെടുത്തു. 

പ്രതിസന്ധികളെ എങ്ങിനെ അനുകൂലമാക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് തൃപ്പൂണിത്തുറയിലെ സൗരോര്‍ജ പ്ലാന്റെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ചതുപ്പു നിലവും കുളവുമായിരുന്ന  ഭൂപ്രകൃതി നിലനിറുത്തിക്കൊണ്ട് തന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നതനിലവാരത്തിലുള്ള പാലുല്‍പ്പന്നങ്ങളും അതിന്റെ ഗുണമേന്മയും ഉറപ്പാക്കാനായുള്ള സംവിധാനമാണ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും, ഇടപ്പള്ളി പ്ലാന്റിന്റെ നവീകരണവുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദേശപര്യടനത്തിലായിരുന്ന മന്ത്രി ഓണ്‍ലൈനായാണ് ചടങ്ങിനെ അഭിസംബോധന ചെയ്തത്.

കെ ബാബു എംഎല്‍എ, എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് സി ഷാ, മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, എം ഡി ആസിഫ് കെ യൂസഫ്,  എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍, എംഡി വില്‍സണ്‍ ജെ പുറവക്കാട്ട്, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, ക്ഷീരസഹകരണ സംഘം പ്രതിനിധികള്‍, എന്‍ഡിഡിബി-നബാര്‍ഡ് പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് സ്‌കീമില്‍ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂണിയന്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ഡയറി കോമ്പൗണ്ടിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്‌ളോട്ടിംഗ്  സോളാര്‍ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജീകരിച്ച 102 കിലോ വാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാര്‍ പാനലുകള്‍ എന്നീ രീതിയിലാണ് സോളാര്‍ പ്ലാന്റ് ക്രമീകരണം.

മില്‍മയുടെ സരോര്‍ജ്ജ നിലയം പ്രതിവര്‍ഷം 2.9 ദശലക്ഷം യൂണിറ്റുകള്‍ (ജിഡബ്ല്യുഎച്) ഹരിതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവര്‍ഷം 1.94 കോടി രൂപ ഊര്‍ജ്ജ ചെലവ് ഇനത്തില്‍ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.  പ്ലാന്റ് വഴി ഓരോ വര്‍ഷവും ഏകദേശം 2,400 മെട്രിക് ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളലാണ് കുറയ്ക്കുന്നത്. ഇത് ഏകദേശം ~ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ്. പകല്‍ സമയങ്ങളില്‍ ഡെയറിയുടെ മുഴുന്‍ ഊര്‍ജ ആവശ്യകതയും നിറവേറ്റുകയും  ഡിസ്‌കോമിന്റെ കൈവശമുള്ള മിച്ച ഊര്‍ജ്ജം പീക്ക്, ഓഫ് പീക്ക് സമയങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

അനെര്‍ട്ട് ആണ് പ്രൊജക്ടിന്റെ സാങ്കേതിക മേല്‍നോട്ടം വഹിച്ചത്. കെ.സി കോപര്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും, ടെസ്റ്റിംഗും, കമ്മീഷനിംഗും നിര്‍വഹിക്കുകയും ചെയ്തു. ബിഐഎസ് അംഗീകരിച്ച 540 ഡബ്ല്യു പി സ്വെലെക്ട് എച് എച് വി മോണോ പെര്‍ക് ഹാഫ് കട്ട് മൊഡ്യൂളുകള്‍, ഓസ്ട്രിയയില്‍ നിന്നുള്ള ഫ്രോണിയസ് ഇന്‍വെര്‍ട്ടറുകള്‍ (100 കിലോവാട്ട് വീതമുള്ള 16 യൂണിറ്റുകള്‍), മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ കാറ്റിന്  പ്രതിരോധിക്കാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്ത ഗാല്‍വനൈസ്ഡ് അയണ്‍ മൗണ്ടിംഗ് ഘടനകള്‍ എന്നിവയാണ് പ്ലാന്റില്‍ ഉള്ളത്. തടസ്സമില്ലാത്ത നീരിക്ഷണത്തിനും കെ.എസ്.ഇ.ബിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള സ്‌കാഡ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

date