Skip to main content

നൂറു മണിക്കൂർ ലൈവ്, അയ്യായിരം ചിത്രങ്ങൾ; കായികമേളയെ ഹൈടെക്ക് ആക്കി കൈറ്റ്

ആദ്യമായി ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികമേള ഹൈടെക്കാക്കാനുള്ള ദൗത്യം സഫലമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). കൈറ്റിലെ എഴുപതോളം സാങ്കേതിക പ്രവർത്തകരുടേയും എറണാകുളം ജില്ലയിലെ 31 സ്‌കൂളുകളിലെ മുന്നൂറിലധികം വരുന്ന ലിറ്റിൽകൈറ്റ്‌സ് കുട്ടികളുടേയും നിരന്തരമായ പരിശ്രമമാണ് വിജയം കണ്ടത്.

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ മേള തുടങ്ങിയ നവംബർ നാല് മുതൽ ഇന്നലെ (നവംബർ 10) വരെ 100 മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കമാണ് ലൈവായി നൽകിയത്. ഇത് മുഴുവനും കൈറ്റ് വിക്ടേഴ്‌സ് യുട്യൂബ് ചാനലിൽ (www.youtube.com/itsvicters) ലഭ്യമാണ്. ഓരോ ദിവസവും ശരാശരി പത്ത് വീതം സ്റ്റോറികളും റീൽസുകളും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും കൈറ്റിന്റേയും സോഷ്യൽ മീഡിയ  പേജുകളിലും ലഭ്യമാക്കി വരുന്നു.

സ്‌കൂൾവിക്കിയിൽ (www.schoolwiki.in) കായികമേളയുടെ 5000 ചിത്രങ്ങൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ വഴി അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. 2016 മുതൽ കലോത്സവ ചിത്രങ്ങളും രചനകളും നൽകിവരുന്നുണ്ടെങ്കിലും കായികമേള സ്‌കൂൾവിക്കിയിൽ ലഭ്യമാക്കുന്നത് ഇതാദ്യമായാണ്. കൈറ്റ് സ്‌കൂളുകൾക്ക് നൽകിയിട്ടുള്ള ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ചാണ് ലിറ്റിൽകൈറ്റ്‌സ് കുട്ടികളുടെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ.

മുഴുവൻ മത്സര ഇനങ്ങളുടേയും രജിസ്‌ട്രേഷൻ മുതൽ മത്സര പുരോഗതിയും ഫലങ്ങളും മീറ്റ് റെക്കോർഡുകളുമെല്ലാം സമഗ്രമായി രേഖപ്പെടുത്തുന്നതും ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതും കൈറ്റ് തയ്യാറാക്കിയ സ്‌പോർട്‌സ് പോർട്ടൽ (www.sports.kite.kerala.gov.in) വഴിയാണ്. ഓരോ മത്സരം കഴിയുമ്പോഴും ഫോട്ടോ ഫിനിഷിൽ ഉൾപ്പെടെ ഫലം നിശ്ചയിച്ച ശേഷം അവ പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും അനൗൺസ് ചെയ്യുന്ന വിവരം തത്സമയം കൈറ്റ് വിക്ടേഴ്‌സിലും മഹാരാജാസ് സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള വീഡിയോവാളുകളിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. മത്സര ഫലങ്ങളുടെ പ്രദർശനത്തിനും വിശകലനത്തിനും ഒരു മാസം മുമ്പേ ഗ്രാഫിക്‌സ്, അനിമേഷൻ പ്രവർത്തനങ്ങൾ കൈറ്റ് പൂർത്തിയാക്കിയിരുന്നു.

പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ മാത്രം എട്ട് സ്റ്റെഡി ക്യാമറകളും ജിമ്പലും ഹെലിക്യാമും ഉപയോഗിച്ചു. ഒരേ സമയം 16 ക്യാമറകളിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങൾ മാറി മാറി സംപ്രേഷണം ചെയ്യാൻ ചെന്നൈയിൽ നിന്ന് വീഡിയോ മിക്‌സറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നു. കണ്ടെയ്‌നർ റോഡിലെ സൈക്ലിംഗ് മത്സരം പൂർണമായും ഹെലിക്യാം ഉപയോഗിച്ചാണ് സംപ്രേഷണം ചെയ്തത്.

ദൃശ്യങ്ങൾക്ക് പുറമേ ഓരോ കായിക ഇനങ്ങളെക്കുറിച്ചും വിജ്ഞാനപ്രദമായ വിവരങ്ങൾ കൂടി ലഭ്യമാക്കിയാണ് മേള വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്തത്. നാലു പതിറ്റാണ്ടായി സ്‌പോർട്‌സ് കമന്ററി മേഖലയിലുള്ള ശ്രീകുമാരൻ നായർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് ഇത് സാധ്യമാക്കിയത്. കൃത്യമായ ആസൂത്രണവും രാവിലെ അഞ്ച് മണി മുതൽ രാത്രി എട്ടരവരെയുള്ള കൈറ്റ് ടീമിന്റെ നിരന്തര പ്രയത്‌നവും കൊണ്ടാണ് ഏറെ വെല്ലുവിളി ഉയർത്തിയ ഈ മിനി - ഒളിമ്പിക്‌സ്   ദൗത്യം വിജയകരമായി പൂർത്തിയാക്കിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു.

 

പി.എൻ.എക്‌സ്5027/2024

date