കേരളത്തില്‍ ആയിരം കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ ആരംഭിക്കും: മന്ത്രി ജി. ആര്‍ അനില്‍
വിദ്യാര്‍ത്ഥികളില്‍ ഉപഭോക്തൃ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളില്‍ ആയിരം കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ ആരംഭിക്കുമെന്നു സംസ്ഥാന സിവില്‍ സപ്ലൈസ് -ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. നിലവില്‍ 307 ക്ലബ്ബുകള്‍ നിലവിലുണ്ടെന്നും ആയിരം ക്ലബ്ബ് എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജിലെ കണ്‍സ്യൂമര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. ഉപഭോക്തൃ അവകാശ സംരക്ഷണ മേഖലയില്‍ നിര്‍ണായക പങ്കാണു കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ക്കു വഹിക്കാനുള്ളതെന്നും അനാവശ്യമായി ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടി ജീവിത സാഹചര്യങ്ങളെ മലിനപ്പെടുത്തുന്ന ഉപഭോഗ സംസ്‌കാരം ഉപേക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹരിത കേരള മിഷന്‍ ഏര്‍പ്പെടുത്തിയ ഹരിത കലാലയ സര്‍ട്ടിഫിക്കേറ്റ് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിനു വേണ്ടി ചെയര്‍മാന്‍ ഡോക്ടര്‍ ആന്റണി തോപ്പില്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. കോളേജ് മാനേജര്‍ ഫാ :ആന്റണി തോപ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി.ബിനു മുഖ്യപ്രഭാഷണം നടത്തി. അസംഘടിത മേഖലയായ ഉപഭോക്തൃരംഗം ഉണരേണ്ട സമയമായെന്നും എറണാകുളത്ത് 1500 കേസുകള്‍ ഈ വര്‍ഷം മാത്രം ഫയല്‍ ചെയ്തിട്ടുണ്ടെന്നും 4000 കേസുകള്‍ ഓളം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ് രജനി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജസ്റ്റിന്‍ ജോസഫ് റിബലോ,ഡോ. റോസലിന്‍ഡ് ഗോണ്‍സാഗ കണ്‍സ്യൂമര്‍ ക്ലബ്ബ് സംഘാടകരായ പരിവര്‍ത്തന്റെ സംസ്ഥാന കോഡിനേറ്റര്‍ ഐപ്പ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments