നെല്ല് സംഭരണം ഊർജ്ജിതമാക്കി കർഷകർക്ക് വില ഉടൻ ലഭ്യമാക്കും: മന്ത്രി ജി.ആർ. അനിൽ
സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ. നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ്. വായ്പയിലൂടെ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നതായും കഴിഞ്ഞ സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തുതീർത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു.
നടപ്പ് സീസണിൽ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 6010 കർഷകരിൽ നിന്നായി 15052.38 മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞു. സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് ഫീൽഡിൽ നിന്നും ലിഫ്റ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് (നവംബർ 11) മുതൽ കൂടുതൽ ഊർജ്ജിതമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും 1411.22 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 5048/2024
- Log in to post comments