Skip to main content
സംസ്ഥാന സ്കൂൾ കായികമേളയുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കായിക കേരളത്തിന്റെ പ്രൗഢി തിരിച്ചു പിടിക്കും: മുഖ്യമന്ത്രി

 

സംസ്ഥാനസ്‌കൂള്‍ കായികമേളക്ക് ഉജ്ജ്വല സമാപനം  

കായികരംഗത്ത് കേരളത്തിനു നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
സ്‌കൂള്‍ കായികമേളയിലൂടെ ഉയര്‍ന്നുവരുന്ന താരങ്ങളില്‍ പലരും പിന്നീട് കായികരംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായികരംഗത്തിന് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ നാടായിരുന്നു കേരളം. വനിതാ ഒളിമ്പ്യന്മാരെയടക്കം സൃഷ്ടിച്ച നാടാണ് നമ്മുടേത്. പിന്നീടെപ്പോഴോ കായികരംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
പങ്കെടുത്ത കായികതാരങ്ങളുടെ എണ്ണം നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ കായികമേളകളിലൊന്നാണീ സംസ്ഥാന സ്‌കൂള്‍ കായികമേള. 2016 ലാണ് കായികമേളയെ 'കായികോത്സവം' എന്ന നിലയിലേക്ക് നമ്മള്‍ പരിവര്‍ത്തനപ്പെടുത്തിയത്. ഇത്തവണ മുതലാണ് ഒളിമ്പിക്സ് മാതൃകയില്‍ കേരള സ്‌കൂള്‍ കായികമേള' എന്ന പേരില്‍ കായികോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മാതൃകയില്‍ വളരെ സമഗ്രവും വിശാലവുമായ രീതിയില്‍ കായികമേള സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി മത്സരവിധി നിര്‍ണയത്തില്‍ കൃത്യത പുലര്‍ത്താന്‍ മേളയ്ക്ക് കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.  
ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് എന്ന ആശയത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ കായികമായ കഴിവുകള്‍ മാറ്റുരയ്ക്കാനുള്ള വേദിയായി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതില്‍ സംഭാവന നല്‍കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് കഴിയും.
സ്പോര്‍ട്സില്‍ കഴിവും താല്‍പര്യവും ശേഷികളും വളര്‍ത്തുന്നതിനോടൊപ്പം അക്കാദമിക വളര്‍ച്ചക്കാവശ്യമായ അവസരങ്ങളും നല്‍കേണ്ടതുമുണ്ട്. അതിന്റെ ഭാഗമായി എസ് സി ഇ ആര്‍ ടിയുടെ നേതൃത്വത്തില്‍ കേരള സ്പോര്‍ട്സ് സ്‌കൂള്‍ പാഠ്യപദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. കായിക മേഖലയ്ക്കുവേണ്ട നയപരമായ ഇടപെടലുകളും അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കിവരികയാണ്. കിഫ്ബി ഫണ്ട് അടക്കം ഉപയോഗിച്ച് 2,500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് കായിക മേഖലയില്‍ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി  നിരവധി കായിക സമുച്ചയങ്ങളുടെ നിര്‍മ്മാണം നടന്നുവരുന്നു. ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ 30 കോടി രൂപയുടെയും കണ്ണൂര്‍, കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനുകളില്‍ 10 കോടി രൂപയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കായിക വകുപ്പിന്റെ ആസ്ഥാനമന്ദിരമെന്ന നിലയില്‍ കായികഭവന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഒരു പഞ്ചായത്തില്‍
ഒരു കളിക്കളം പദ്ധതിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുകയാണ്.  
കായികരംഗത്തെ മുന്നേറ്റം ലക്ഷ്യംവെച്ച് പുതിയ കായികനയത്തിന് രൂപം നല്‍കി.  അടിസ്ഥാന സൗകര്യവികസനം ലക്ഷ്യം വെച്ചുകൊണ്ട് സ്പോര്‍ട്സ് ഇക്കോണമി മിഷന്‍ എന്ന പുരോഗമനപരമായ കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. 
രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറി. കായിക രംഗത്തേക്ക് 5,050 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. 
കായിക ഉച്ചകോടിയിലെ ധാരണപ്രകാരം ഖത്തര്‍ ആസ്ഥാനമായ എന്‍ ബി എഫ് അക്കാദമിയുമായി ചേര്‍ന്നുള്ള കായികക്ഷമതാ വികസന പരിപാടിക്ക് തുടക്കമായി. സ്പോര്‍ട്സ് ബിസിനസ് രംഗത്തെ പ്രമുഖരായ ഡെക്കാത്ത്ലണുമായി ചേര്‍ന്ന് 'ഒരു സ്‌കൂള്‍, ഒരു ഗെയിം' പദ്ധതി ആരംഭിച്ചു. 80 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.
ഏഴു ജില്ലകളില്‍ ഓപ്പണ്‍ ജിം ആരംഭിച്ചു. വിവിധ ജില്ലകളിലായി എട്ടു സ്പോര്‍ട്സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിച്ചു. കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ രൂപീകരിച്ചു. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനുള്ള ഗോള്‍ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 1,000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. വിദഗ്ദ്ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം തുടങ്ങി. തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. 
അത്ലറ്റിക്സ് പരിശീലനത്തിന് സ്‌കൂളുകളില്‍ സ്പ്രിന്റ് പദ്ധതി ആരംഭിച്ചു. ജൂഡോ പരിശീലനത്തിന് ജൂഡോക്കോ എന്ന പദ്ധതിയും ബോക്സിങ്ങ് പരിശീലനത്തിന് പഞ്ച് പദ്ധതിയും സ്‌കൂള്‍ തലത്തില്‍ ആരംഭിച്ചു. ബോക്സിങ് പരിശീലനം അഞ്ചു കേന്ദ്രങ്ങളിലും ജൂഡോ 10 കേന്ദ്രങ്ങളിലുമാണ് തുടങ്ങിയത്. ബാസ്‌ക്കറ്റ്ബോള്‍ പരിശീലനത്തിന് ഹൂപ്സ് പദ്ധതി തുടങ്ങി. കായിക ഡയറക്ടറേറ്റിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ മൂന്ന് ഫുട്ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഇതില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. 
ലോകത്തെ പ്രമുഖ ക്ലബ്ബായ എ.സി. മിലാനുമായി ചേര്‍ന്ന് ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സ്പോര്‍ട്സ് ക്വാട്ടയില്‍ 710 കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്. രണ്ട് ഒളിമ്പിക്സ് മെഡലുകളുമായി നമ്മുടെ കായികരംഗത്തിന്റെ ഖ്യാതി ലോക കായിക ഭൂപടത്തിലെത്തിച്ച വ്യക്തിയാണ് ഈ കായികോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ പി.ആര്‍. ശ്രീജേഷ്. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും അര്‍പ്പണബോധവും നിങ്ങള്‍ക്ക് മാതൃകയും പ്രോത്സാഹനവും ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്താനും  ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ജനതയുടെ ആവശ്യകത ചൂണ്ടിക്കാട്ടാനും കായിക മേളകള്‍ക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് എവറോളിങ് ട്രോഫി മുഖ്യമന്ത്രിയില്‍ നിന്ന് ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീം ഏറ്റുവാങ്ങി.
പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കായികതാരങ്ങളുടെ പാരിതോഷിക തുക വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കായികമേളയില്‍ നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് സംബന്ധിച്ചും പുനര്‍വിചിന്തനം നടത്തും. കായികാധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനല്‍കി. കേരളത്തിന്റെ കായിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ മേള തുടക്കം കുറിക്കും. നടത്തിപ്പിലും സംഘാടനത്തിലും മേള വന്‍ വിജയമായി. നേരത്തെ ഒളിമ്പിക്‌സ് മാതൃകയില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മേളയുടെ വിജയത്തെ തുടര്‍ന്ന് എല്ലാവര്‍ഷവും ഇത്തരത്തില്‍ മേള സംഘടിപ്പിക്കാന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുവാദം തേടും. അടുത്ത മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്,  കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍,  എം.എല്‍.എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. സി.എസ്. പ്രദീപ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
അടുത്തവര്‍ഷത്തെ സ്‌കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരത്തിനു വേണ്ടി നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ കായികപതാക പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും ഏറ്റുവാങ്ങി. സമാപന സമ്മേളനത്തിന് ശേഷം കലാവിരുന്നും അരങ്ങേറി.

date