Skip to main content

കായികമേള  സമാപന വേദിയിൽ പ്രണവിന് ആദരം

 

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച്  ശ്രദ്ധേയമായ കായികമേളയുടെ സമാപന വേദിയിൽ പ്രണവ് ആലത്തൂരിന് ആദരം. കായികമേളയുടെ മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രൊമോ വീഡിയോയിൽ അഭിനയിച്ച പ്രണവ് ആലത്തൂരിനെ പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് ആദരിച്ചു.

ഫുട്ബോള്‍, ചിത്രംവര, നീന്തല്‍ തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള  പ്രണവ്. ആലത്തൂര്‍ അരിങ്ങാട്ട് പറമ്പ് ദേവകീനിവാസിലെ ബാലസുബ്രഹ്മണ്യന്റെയും സ്വര്‍ണകുമാരി യുടെയും മകനാണ്.

സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള ആദ്യാവസാനം ചേർത്തുനിർത്തലിന്റെ മഹാമേളയായി മാറി. സമാപന ചടങ്ങിന് മുന്നോടിയായി സംഘടിപ്പിച്ച അത് ലറ്റിക് പരേഡിലും സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.

സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട്  ജില്ല മൂന്നാം സ്ഥാനവും നേടി.

ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് കായികമേളയിലെ വിവിധ അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചത്.

പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ ,  4 x 100 മീറ്റർ മിക്സഡ് റിലേ, കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്സഡ് സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ എന്നീ  ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള  1587 കായിക താരങ്ങളാണ് മാറ്റുരച്ചത്.

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 
വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ   ജില്ലാതല  പരിശീലനം ലഭിച്ച കുട്ടികളാണു സംസ്ഥാന കായിക മേളയിൽ പങ്കെടുത്തത്.

date