മുദ്രാ കിരണം പദ്ധതിക്ക് തുടക്കമായി; മുദ്ര എസി ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു
വിദ്യാഭ്യാസ സങ്കൽപം കാലാനുസൃതമായി മാറണം -എം മുകുന്ദൻ
ആധുനിക കാലത്തിന് അനുസൃതമായ രീതിയിൽ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല പ്രോജക്ടായ മുദ്രകിരണം പദ്ധതിയുടെയും മുദ്ര എസി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾ ആധുനിക രീതിയിലുള്ള വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുമ്പോൾ ഉചിതമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട.് പഠന രീതികളിലും മാറ്റം ഉണ്ടാവണം. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുദ്രകിരണം പദ്ധതി അനുകരിക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മുദ്ര വിദ്യാഭ്യാസ പദ്ധതി ഒരു അഭിമാന പദ്ധതിയാണ്. മുണ്ടേരിയിലെ കുട്ടികൾക്കിത് വലിയൊരു നേട്ടമാണ്. അനുഭവങ്ങളിൽ കൂടിയാണ് കുട്ടികൾ പഠിക്കുന്നത.് വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി നമ്മുടെ സാംസ്കാരികവും സാമുദായികവുമായ പാരമ്പര്യത്തിൽ നിന്നുകൊണ്ട് പരിഷ്കാരങ്ങൾ നടപ്പിലാക്കണം. എങ്കിൽ മാത്രമേ വിദ്യാഭ്യാസ രംഗത്ത് മികച്ച പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുണ്ടേരി പഞ്ചായത്തിനെ ഒരു വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് പരിപാടിയിൽ അധ്യക്ഷനായ മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ മുൻ എം.പി കെ. കെ രാഗേഷ് പറഞ്ഞു. മുണ്ടേരിയിലെ 14 എയ്ഡഡ് സ്കൂളുകളെയും 'മുദ്ര' രീതിയിൽ വാർത്തെടുക്കുകയാണ്. കേവലം കെട്ടിടങ്ങളല്ല വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്ന ഇടങ്ങളാണ് വിദ്യാലയങ്ങൾ. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലാനുസൃതമായ മാറ്റം സ്കൂളുകളിൽ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടേരി സ്കൂളിൽ പ്ലാനറ്റേറിയം നിർമ്മിക്കാൻ വിദ്യാഭ്യാസ വകുപ്പ് മൂന്നുകോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സയൻസ് മ്യൂസിയം, തിയേറ്റർ, സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. വിദ്യാലയത്തെ കാർബൺ ന്യൂട്രൽ ക്യാമ്പസാക്കി മാറ്റും. വിദ്യാർഥികൾക്ക് വിജ്ഞാനം, കല, സാഹിത്യം, വിനോദം, സ്പോർട്സ്, സിനിമ, മാധ്യമം മേഖലകളിൽ മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ അഭിവൃദ്ധി നേടുകയാണ് മുദ്രാകിരണം പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ടോക്കി പദ്ധതി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുണ്ടേരിയിൽ നടത്തും. ചലച്ചിത്രമേളകൾ, ആസ്വാദന ക്യാമ്പുകൾ, ശിൽപശാലകൾ, സംവാദങ്ങൾ, ചർച്ച തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സ്കൂൾ ടോക്കിയിലൂടെ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്നു വർഷത്തേക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കായിക മേഖലയിൽ പരിശീലനം നൽകുമെന്ന് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഒൻപത് മുതൽ 12 വയസ്സ് വരെയുള്ള കായിക ശേഷിയുള്ള നൂറ് കുട്ടികളെ കണ്ടെത്തി ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ, ബാന്റ് മേഖലകളിൽ പരിശീലനം നൽകും. ദീർഘകാല പരിശീലനത്തിന് പുറമെ മികച്ച കായിക താരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ സർഗാത്മകത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലളിതകലാ അക്കാദമിയുടെ പൂർണ സഹകരണത്തോടെ ക്രിയേറ്റീവ് കോർണർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യാഥാർഥ്യമാക്കുമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു.
സിനിമാ സംവിധായകൻ ആഷിക് അബു, സിനിമാ താരങ്ങളായ ജയകൃഷ്ണൻ, ഗായത്രി വർഷ, ബദരിനാഥ് എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. മുദ്ര ജനറൽ കൺവീനർ പി.പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ അഡ്വ. കെ.കെ രത്നകുമാരി, വി.കെ സുരേഷ് ബാബു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനീഷ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പങ്കജാക്ഷൻ, മുണ്ടേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.ലത, കണ്ണൂർ ആർ.ഡി.ഡി എൻ. രാജേഷ് കുമാർ, കണ്ണൂർ ഡിഡിഇ ബാബു മഹേശ്വരി പ്രസാദ്, വിദ്യാകിരണം കോ ഓർഡിനേറ്റർ കെ.സി സുധീർ, പിടിഎ പ്രസിഡന്റ് പി.സി ആസിഫ്, പ്രിൻസിപ്പൽ എം മനോജ് കുമാർ, പ്രധാനധ്യാപിക റംലത്ത് ബീവി, സ്കൂൾ ചെയർപേഴ്സൺ എ.ദിയ, പ്രോഗ്രാം കൺവീനർ കെ വേണു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടേരി ക്ലസ്റ്ററിലെ 14 വിദ്യാലയങ്ങളും മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളുമാണ് മുദ്രാകിരണം പദ്ധതിയിൽ വരുന്നത്. ക്ലസ്റ്റർ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വിജ്ഞാനം, കല, സാഹിത്യം, വിനോദം, സ്പോർട്സ്, സിനിമ, മാധ്യമം എന്നീ വിവിധ മേഖലകളിൽ മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ അഭിവൃദ്ധി നേടുകയാണ് മുദ്രാകിരണം പദ്ധതി ലക്ഷ്യമിടുന്നത്.
മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളിലെ മുദ്രാ ഓഡിറ്റോറിയം ആയിരം പേർക്കിരിക്കാവുന്ന ആധുനിക സീറ്റിംഗ് സൗകര്യത്തോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മികച്ച ഡോൾബി സൗണ്ട് സിസ്റ്റവും ഡിജിറ്റൽ മെഗാവാളും എ.സി ഡൈനിങ്ങ് ഹാളും പൂർണമായി ശീതികരിക്കപ്പെട്ട ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്.
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി), റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ആർഇസി) എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് ഓഡിറ്റോറിയവും ഡൈനിങ് ഹാളും നിർമ്മിച്ചിട്ടുള്ളത്. 2.826 കോടി രൂപ എൻടിപിസിയും 2.7 കോടി ആർഇസിയും സിഎസ്ആർ ഫണ്ട് നൽകി. ആകെ 5.52600 കോടി രൂപയുടെ പദ്ധതിയാണ് കണ്ണർ ജില്ലാ പഞ്ചായത്ത് മുഖേന കണ്ണൂർ നിർമ്മിതി കേന്ദ്രം പൂർത്തീകരിച്ചത്.
- Log in to post comments