Skip to main content
0

വാഗ്മി 2024; ഉത്തര മേഖല പ്രസംഗ മത്സരത്തിൽ പയ്യന്നൂർ  കോളേജിലെ മുരളി കൃഷ്ണ ജേതാവ് 

 

(പടം)

ഭരണഘടന അവബോധം കാലഘട്ടത്തിന്റെ ആവശ്യം: നിയമ സെക്രട്ടറി

 

2024ലെ ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'വാഗ്മി -2024 'ന്റെ ഭാഗമായുള്ള ഉത്തരമേഖല പ്രസംഗ മത്സരത്തിൽ മുരളി കൃഷ്ണ (പയ്യന്നൂർ  കോളേജ്) ഒന്നാം സ്ഥാനം നേടി. 

വി എ ആൻസി (സെൻറ് ജോസഫ് കോളേജ്, ദേവഗിരി, കോഴിക്കോട്) രണ്ടാം സ്ഥാനവും ഇ എ മുഹമ്മദ് സാലിഹ് (തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല) മൂന്നാം സ്ഥാനവും നേടി. 

ഉത്തരമേഖല പ്രസംഗ മത്സരം കോഴിക്കോട് ഗവ. ലോ കോളേജില്‍ കേരള നിയമ സെക്രട്ടറി കെ ജി സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടന വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന കാലത്ത് അതേക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. അത് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ലോ കോളേജ് പ്രിന്‍സിപ്പാള്‍ കെ എസ് വിദ്യുത് അധ്യക്ഷത വഹിച്ചു. ഭരണഘടന വിഭാവന ചെയ്യുന്ന സമത്വവും തുല്യനീതിയും സ്വാതന്ത്ര്യവുമെല്ലാം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നാം പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ മാത്രമേ ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ.

ലോ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷനല്‍ നിയമ സെക്രട്ടറി ഷിബു തോമസ്, അസിസ്റ്റന്റ് ലീഗല്‍ ഓഫീസര്‍ ജെ എ സൈജു, മുന്‍ ജില്ലാ ജഡ്ജി കെ കെ കൃഷ്ണന്‍ കുട്ടി, നിയമവകുപ്പ് മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി എം കെ സാദിഖ്, ലോ കോളേജിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍ കെ ബിജു, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ സാനന്ദ് എസ് ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ഭറണഘടനയുടെ ആമുഖം വായിച്ചായിരുന്നു പരിപാടികള്‍ ആരംഭിച്ചത്.

കോഴിക്കോട്, കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. നവംബര്‍ 27നാണ് ഫൈനല്‍ മത്സരം. 25,000, 15,000, 10,000 രൂപയാണ് ആദ്യ മൂന്നു സമ്മാനങ്ങള്‍. വിജയികള്‍ക്ക് ഇതിനു പുറമെ, ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. മറ്റ് ഫൈനല്‍ മത്സരാര്‍ത്ഥികള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും.

date