തദ്ദേശവാർഡ് വിഭജനം : കരട് വിജ്ഞാപനം നവംബർ 18ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18 ന് പ്രസിദ്ധീകരിക്കാനും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്ന് വരെ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷൻ വിശദമായി പരിശോധിച്ചു.
കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും സമർപ്പിക്കാം.
2011 സെൻസസ് ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാർഡ് പുനർവിഭജനം നടത്തുന്നത്. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.
ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ഐടി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി ഡോ.രത്തൻ.യു.ഖേൽക്കർ, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്‌നമോൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 5123/2024
- Log in to post comments