മാധ്യമ അവാർഡുകൾ സമ്മാനിക്കും
കേരള മീഡിയ അക്കാദമി ബിരുദ സമ്മേളനവും മാധ്യമ അവാർഡ് സമർപ്പണവും. നവംബർ 19 രാവിലെ 11-ന് കാക്കനാട് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഉമ തോമസ് എം എൽ എ വിശിഷ്ടാതിഥിയാവുന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിക്കും.
അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2023-24 ബാച്ച് വിദ്യാർത്ഥികൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അക്കാദമി ഏർപ്പെടുത്തിയ 2023-ലെ മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും മന്ത്രി സമ്മാനിക്കും.
മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് നേടിയ മാധ്യമം ദിനപത്രത്തിലെ ജോയിന്റ് എഡിറ്റർ പി.ഐ നൗഷാദ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് നേടിയ ട്രൂ കോപ്പി തിങ്കിലെ നാഷിഫ് അലിമിയാൻ, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ എൻ സത്യവ്രതൻ അവാർഡ് നേടിയ മലയാള മനോരമ ചീഫ് സബ് എഡിറ്റർ ടി. അജീഷ്, മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് നേടിയ മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ട്, ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ റിങ്കു രാജ് മട്ടാഞ്ചേരിയിൽ, മികച്ച ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് നേടിയ അമൃത ടിവി യിലെ ബൈജു സി എസ്, പ്രത്യേക ജൂറി പരാമർശത്തിനർഹരായ മാതൃഭൂമി ഫോട്ടോഗ്രഫർ സാജൻ വി നമ്പ്യാർ, മാതൃഭൂമി ന്യൂസ് ചാനലിലെ റിയ ബേബി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങും.
മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം മാധ്യമ അവാർഡ് ജേതാക്കളുമായി വിദ്യാർത്ഥികളുടെ സംവാദമുണ്ടാകും.
പി.എൻ.എക്സ്. 5170/2024
- Log in to post comments