Skip to main content
Submitted by nmed@prdusr on Tue, 11/19/2024 - 11:09

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും www.delimitation.lsgkerala.gov.in , https://wardmap.ksmart.live/ വെബ്സൈറ്റിലും ലഭ്യമാണ്. 

2024 ഡിസംബർ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും.
വിജ്ഞാപനത്തിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക്  പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.റ്റിയും തുക ഈടാക്കി ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്നും വാങ്ങാം. 

ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും, മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും പുതുതായി നിലവിൽ വരും.2024 സെപ്തംബർ 24 ന് വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് വാർഡ് പുനർവിഭജനം നടത്തുന്നത്.

തദ്ദേശസ്ഥാപനങ്ങളിലെ  വാർഡുകൾ

  പുതുക്കിയ വാർഡുകൾ നിലവിലുള്ളവാർഡുകൾ പുതിയ വാർഡുകൾ
ഗ്രാമപഞ്ചായത്ത് 17337 15962 1375
മുനിസിപ്പാലിറ്റി 3241 3113 128
കോർപ്പറേഷൻ 421 414 7
ആകെ 20999 19489 1510