Skip to main content

കേരളം കണ്ട ഏറ്റവും വലിയ ജനകീയ പദ്ധതിയായി  എ.എസ്. കനാൽ പുനരുജ്ജീവനം മാറണം; മന്ത്രി പി പ്രസാദ് -സുന്ദരിയാകാൻ ഒരുങ്ങി ആലപ്പുഴ-ചേർത്തല കനാൽ

കേരളം കണ്ട ഏറ്റവും വലിയ ജനകീയ പദ്ധതിയായി എ എസ് കനാൽ  പുനരുജ്ജീവന പദ്ധതിയെ മാറ്റിയെടുക്കണമെന്നും കനാലുകളെ മാലിന്യങ്ങളിൽ നിന്നും സംരംക്ഷിച്ചില്ലെങ്കിൽ  അത് ഗുരുതരമായ ആരോഗ്യ  പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. 

എ.എസ്. കനാലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച 'എ.എസ്. കനാൽ പുനരുദ്ധാരണം'  ശില്പശാല കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ടൂറിസം  കേന്ദ്രങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്താൻ  മെച്ചപ്പെട്ട സൗകര്യങ്ങൾ മാത്രം പോരാ, നല്ല പരിസ്ഥിതി സൗഹാർദ അന്തരീക്ഷം കൂടി ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഒരു സുസ്ഥിര വികസന മാതൃകയിലൂടെ  കനാലിനെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് പി പി ചിത്തരഞ്ജൻ എം എൽ എ യാണ്. ആലപ്പുഴ നഗരസഭാ പരിധിയിൽ മട്ടാഞ്ചേരി പാലം മുതൽ പൂന്തോപ്പ് വരെ നീളുന്ന കനാൽ ഭാഗത്താണ് പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കനാലിന്റെ  ടൂറിസം, ജലഗതാഗത  സാധ്യതകൾ   പൂർണമായും ഉപയോഗിച്ച്  കനാലിനെ സജീവമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. 
കായാക്കിംഗ് ടൂർണമെന്റുകൾ,  ഗ്രാമീണ ടൂറിസം പ്രവർത്തനങ്ങൾ,  കരകളിൽ പ്രാദേശിക സസ്യങ്ങളെ വളർത്തുക,  കനാലിന്റെ സൗന്ദര്യം നിലനിർത്തി  പഴയ നടപ്പാലങ്ങൾ പുനർനിർമ്മിക്കുക, പൊതുജനങ്ങൾക്ക് വിശ്രമത്തിനും കൂടിക്കാഴ്ചക്കും അനുയോജ്യമായ സൗകര്യങ്ങളും ഒരുക്കുക, കരകളിലെ പ്രകാശ സജ്ജീകരണങ്ങളും അലങ്കാര വൈദ്യുത സംവിധാനങ്ങളും ഒരുക്കുക  തുടങ്ങിയവ   പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
കനാൽ  നവീകരിക്കുന്നതിനോടൊപ്പം പൊതുജന പങ്കാളിത്തത്തോടുകൂടി കനാലിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനു വിപുലമായ കാമ്പയിനുകളും   പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത് ടാഗ് സപ്പോർട്ട് ഫോറമാണ്.

പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, വൈസ് ചെയർമാൻ  പി എസ് എം ഹുസൈൻ,  ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭാ പൊതുമരാമത്ത്  സ്ഥിരം സമിതി അധ്യക്ഷൻ എം ആർ പ്രേം, നഗരസഭാ ആരോഗ്യ   സ്ഥിരം സമിതി അധ്യക്ഷ  എ എസ് കവിത, ആലപ്പുഴ ഡി വൈ എസ് പി  എം ആർ മധു ബാബു,  സി ജയകുമാർ,  എ എം ജിഷ്ണു,  നവ്യ കാതറിൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date