മലയോര ഹൈവേ 2026 ഓടെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
***അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച വട്ടിയൂര്‍ക്കാവ്-കുലശേഖരം റോഡ് നാടിന് സമര്‍പ്പിച്ചു
മലയോര ഹൈവേ 2026 ഓടെ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക ബി.എം ആന്റ് ബി.സി നിലവാരത്തില്‍ നവീകരിച്ച വട്ടിയൂര്‍ക്കാവ്-കുലശേഖരം റോഡിന്റെ ഉദ്ഘാടനം കൊടുങ്ങാനൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചിരകാലസ്വപ്ന പദ്ധതികളായ മലയോര ഹൈവേയും തീരദേശ ഹൈവേയും യഥാർത്ഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മൂന്നര വർഷത്തിനുള്ളിൽ പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള 50 ശതമാനം റോഡുകൾ ബി.എം ആന്റ് ബി.സി നിലവാരത്തില്‍ ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 36 കിലോമീറ്റർ പൊതുമരാമത്തു റോഡ് ബി.എം ആന്റ് ബി.സി ആക്കി പുതുക്കി നിർമ്മിച്ചിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ചെലവഴിച്ചു. ശാസ്‌തമംഗലം-മണ്ണറക്കോണം- വഴയില റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വട്ടിയൂർക്കാവ് വികസനം നടപ്പിലാക്കാൻ സർക്കാർ എല്ലാ രീതിയിലും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്തെല്ലാം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായാലും സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രിഡ ചെയര്‍മാന്‍ കെ.സി വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
2.150 കിലോമീറ്റർ ദൈർഘ്യമുള്ള വട്ടിയൂര്‍ക്കാവ്-കുലശേഖരം റോഡ് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും 2 കോടി രൂപ വകയിരുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചത്.
- Log in to post comments