സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം നടത്തി
ഡിഫന്‍സ് പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സ്പര്‍ശിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം നടത്തി. ഔട്ട് റീച്ച് പ്രോഗ്രാം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡിഫന്‍സ് അക്കൗണ്ട് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആനന്ദ് അച്യുതന്‍കുട്ടി ഐ.ഡി. എ.എസ് സ്പര്‍ശ് പ്ലാറ്റ്ഫോമിന്റെ സവിശേഷതകളെക്കുറിച്ച് സംസാരിച്ചു. പരിപാടിയില്‍ ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ ചെക്കുകള്‍ വിതരണം ചെയ്തു.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, ഡിഫന്‍സ് സിവിലിയന്മാര്‍ എന്നിവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിറവേറ്റുന്നതിനാണ് ഡിഫന്‍സ് അക്കൗണ്ട്സ് വകുപ്പ് സ്പര്‍ശ് (സിസ്റ്റം ഫോര്‍ പെന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍-രക്ഷ) എന്ന പദ്ധതി നടപ്പിലാക്കുന്നത്.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സ്റ്റാളുകള്‍, സ്പര്‍ശുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ആധാര്‍ പൊരുത്തക്കേടുകള്‍, മറ്റ് പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള സ്റ്റാളുകളും പ്രവര്‍ത്തിച്ചു. പരിപാടിയോടനുബന്ധിച്ച് തൃശ്ശൂര്‍ ആത്രേയ ആശുപത്രിയുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.
പരിപാടിയില്‍ അറുനൂറിലധികം വിമുക്തഭടന്മാരും പ്രതിരോധ സിവിലിയന്മാരും പങ്കെടുത്തു. കണ്‍ട്രോളര്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുന്നുണ്ട്.
- Log in to post comments