പുത്തൂര്‍ സമാന്തര പാലത്തിന്റെയും മോഡല്‍ റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ ഏഴിന്
കുട്ടനെല്ലൂര്‍ മുതല്‍ പയ്യപ്പിള്ളിമൂല വരെയുള്ള മോഡല്‍ റോഡിന്റെയും പുത്തൂരില്‍ നിലവിലുള്ള പാലത്തിനു സമാന്തരമായുള്ള പുതിയ പാലത്തിന്റെയും നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഡിസംബര്‍ ഏഴിന് നടക്കും. സ്ഥലം എംഎല്‍എയും റവന്യൂ മന്ത്രിയുമായ കെ. രാജന്റെ അധ്യക്ഷതയില്‍ വൈകീട്ട് 4 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കുട്ടനല്ലൂര്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ പയ്യപ്പിള്ളിമൂല വരെ അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയിലെ നാന്നൂറിലേറെ സ്ഥാപനങ്ങളുടെ കൈവശം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇതില്‍ 223 സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് എംഎസ്ടിസി വഴി ടെണ്ടര്‍ അയച്ചു. ബാക്കിയുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കുന്നത് സ്പോട്ട് ടെണ്ടര്‍ നടപടികളിലൂടെയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രത്യേക ഉത്തരവുപ്രകാരം അനുവാദം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തിയാക്കും. റോഡിന്റെ നിര്‍മ്മാണം ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സും പാലത്തിന്റെ നിര്‍മ്മാണം കെവിജെ കണ്‍സ്ട്രക്ഷന്‍സുമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഉദ്ഘാടന പരിപാടി വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. യോഗം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പുത്തൂര്‍ സെന്റര്‍ പുതിയ ടൗണായി വികസിക്കുമെന്ന് മന്ത്രി പറഞ്ഞു. ലക്ഷക്കണിനാളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള യാത്ര കൂടി സുഗമമാവും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജിത്ത്, ലിബി വര്‍ഗ്ഗീസ്, നളിനി വിശ്വംഭരന്‍, പുത്തൂര്‍ ഫെറോന പള്ളി വികാരി ഫാ. ജോജു പനക്കല്‍, പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമാരായ വി.വി മുരളീധരന്‍, ജയന്‍ തെക്കേത്തറ, രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയും അഞ്ച് സബ് കമ്മിറ്റികളും യോഗം തിരഞ്ഞെടുത്തു.
- Log in to post comments