Skip to main content

വനഭൂമി പട്ടയം: കേന്ദ്രാനുമതിക്കുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍

ജില്ലയിലെ വനഭൂമി പട്ടയ വിഷയത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വനം, റവന്യൂ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടും സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പരിവേഷ് പോര്‍ട്ടല്‍ വഴി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത് സമയബന്ധിതമാക്കും. ഓരോ ജില്ലകളിലേയും അപേക്ഷകള്‍ ഒരുമിച്ച് മാത്രമേ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാവു എന്ന നിബന്ധന പുനപരിശോധിക്കാനുള്ള ഇടപെടല്‍ നടത്തും.

ഡിസംബറിനു മുന്‍പേ ശേഷിക്കുന്ന 3542 അപേക്ഷകളും കേന്ദ്രാനുമതിക്ക് അയയ്ക്കാനുള്ള നടപടികള്‍ക്ക് സമയക്രമം തയ്യാറാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 9366 അപേക്ഷകള്‍ ഇതിനകം റവന്യൂ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് പോര്‍ട്ടലിലൂടെ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ കേന്ദ്രമന്ത്രിയെ ഒരിക്കല്‍ക്കൂടി കാണുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അനുമതി ഉറപ്പാക്കിയ 261 അപേക്ഷകളില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
 
ജില്ലയിലെ വനഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയ വിഷയം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് സംസ്ഥാന റവന്യൂ, വനം വകുപ്പ് മന്ത്രിമാര്‍ കേന്ദ്ര വനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ സംയുക്ത പരിശോധനയ്ക്കും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും തീരുമാനമായത്. ഈ നടപടികള്‍ക്ക് ശേഷം കേന്ദ്രാനുമതി ലഭിച്ച അപേക്ഷകളില്‍ ഇനിയും രേഖകള്‍ സമര്‍പ്പിച്ച് പട്ടയം സ്വീകരിക്കാത്തവര്‍ ഉണ്ട്. ഇവരെ കണ്ടെത്തുന്നതിന് നാല് അദാലത്തുകള്‍ നടത്തുകയും തിരച്ചില്‍ തുടരുകയുമാണ്. ഇക്കാര്യത്തില്‍ വിപുലമായ ഒരു അദാലത്ത് കൂടി ഡിസംബറില്‍ നടത്താനും യോഗത്തില്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശിച്ചു. എംഎല്‍എമാരുടെ പട്ടയ ഡാഷ് ബോര്‍ഡ് വിഷയങ്ങളും വിവിധ സ്ഥാപനങ്ങളുടെ ഭൂമി സംബന്ധമായ അപേക്ഷളുടെ പുരോഗതിയും യോഗത്തില്‍ പരിശോധിച്ചു.

ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. എ. കൗശിഖന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, റവന്യൂ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജെ. മധു, എഡിഎം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, സ്‌പെഷല്‍ തഹസില്‍ദാര്‍ (നമ്പര്‍ 1) സി.എസ് രാജേഷ്, ഭൂരേഖാ തഹസില്‍ദാര്‍ നിഷ എം. ദാസ്, വനഭൂമി തഹസില്‍ദാര്‍ നാരായണന്‍കുട്ടി, തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ടി.വി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

date