Skip to main content

ചക്കുളത്തുകാവ് പൊങ്കാല: സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ  സുരക്ഷ ഉറപ്പാക്കും

 

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷയും ക്രമസമാധാന പാലനവും ഉറപ്പുവരുത്തുവാൻ ശക്തമായ നടപടി പൊലീസിൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും.

ഡിസംബർ 13 നാണ്  പൊങ്കാല മഹോത്സവം. ഇതുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ വിവിധ വകുപ്പുകൾ ചെയ്യേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ അവലോകനം നടത്തി.

  ഗതാഗത തടസ്സമുണ്ടാകാതിരിക്കാനും വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള  നടപടികൾ പൊലീസും മോട്ടോർ വാഹന വകുപ്പും സ്വീകരിക്കും. ഫയർ ആൻ്റ് റസ്ക്യൂ  വിഭാഗവും ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കും. 
ഭക്തർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക്  എത്തിച്ചേരുന്നതിന് കൂടുതൽ സർവ്വീസുകൾ  കെ. എസ്. ആർ.ടി.സി. ഏർപ്പെടുത്തും. പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കെ എസ്. ഇ. ബി യും കുടിവെള്ളം ഉറപ്പാക്കുന്നതിന് വാട്ടർ അതോരിറ്റിയും നടപടികൾ സ്വീകരിക്കും.

മെഡിക്കൽടീമുകളുടെയും ആംബുലൻസിന്റെയും സേവനം  ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തും.  പ്രദേശത്ത്  ഫോഗ്ഗിംഗ്, ക്ലോറിനേഷൻ, എന്നിവ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ  നേതൃത്വത്തിൽ നടത്തും. ക്ഷേത്ര പരിസരത്തുള്ള ഹോട്ടലുകൾ പരിശോധിച്ച് ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറപ്പുവരുത്തും. 

തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, സബ് കളക്ടർ സമീർ കിഷൻ, അമ്പലപ്പുഴ ഡി വൈ എസ് പി കെ എൻ രാജേഷ്, ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയും അഡ്മിനിസ്ട്രേറ്ററുമായ  മണിക്കുട്ടർ നമ്പൂതിരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

date