Skip to main content

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം

 

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 2024 ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. 

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0471-2335030. 

ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.

നിര്‍ദ്ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 

ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.റ്റിയും ഈടാക്കിയാണ് നല്‍കുക. 

ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ മുഖേനയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമെങ്കില്‍ പരാതിക്കാരില്‍ നിന്നും നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാ കളക്ടര്‍ വ്യക്തമായ ശുപാര്‍ശകളോടു കൂടി റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

date