Skip to main content

തിരുവനന്തപുരം അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗരം: മന്ത്രി എം ബി രാജേഷ്

യു എൻ ഷാങ്ഹായ് അടക്കം ഒരു ഡസനോളം പുരസ്‌കാരങ്ങൾ നേടിയ തിരുവനന്തപുരം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നഗരമായി മാറിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുന്ന വൈദ്യുതി ഹോവർ-ഇലക്ട്രിക് സെൽഫ് ബാലൻസിംഗ് സ്‌കൂട്ടറുകളുട  കൈമാറ്റവും ഡ്രഗ്‌സ് കൺട്രോൾ കിറ്റുകളുടെ വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.യു എൻ ഷാങ്ഹായ് എന്ന അഭിമാനകരമായ പുരസ്‌കാരം ഇന്ത്യയിൽ ആദ്യമായി നേടിയ നഗരമാണ് തിരുവനന്തപുരം. ഈ പുരസ്‌കാരം നേടിയ മറ്റ് നഗരങ്ങൾ മെൽബൺദോഹ എന്നിവയാണ് എന്നത് നേട്ടത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു.

ഈജിപ്റ്റിൽ നടന്ന ചടങ്ങിൽ യു എൻ സെക്രട്ടറി ജനറൽഈജിപ്ഷ്യൻ പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ വെല്ലുവിളികളെ അതിജീവിച്ച് സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള പദ്ധതികൾ കോർപ്പറേഷൻ പൂർത്തീകരിച്ച് വരികയാണ്. സുരക്ഷാപരിശോധനയിൽ ആധുനികവും മികച്ച സൗകര്യവുമുളള നഗരമായി മാറുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഹോവർ പോലീസ് സേനക്ക് കൈമാറുന്നത്.ഇവ ശരിയായി വിനിയോഗിക്കാനും പരിപാലിക്കാനും സേനക്ക് കഴിയണം. എം എഡി എം എ അടക്കമുള്ള മയക്കുമരുന്നുകളുടെ ശരീരത്തിലെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന ഡ്രഗ്‌സ് കൺട്രോൾ കിറ്റ് ശാസ്ത്രീയ തെളിവിനും പരിശോധനക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻഡപ്യൂട്ടി മേയർ പി കെ രാജു സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 5235/2024

date