ഫാഷൻ രംഗത്ത് സ്വന്തം നേട്ടവുമായി എറണാകുളം ജില്ലാപഞ്ചായത്ത്*
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഫാഷൻ ഷോയും പുതിയ ബാച്ചിന്റെ പ്രവേശനോത്സവവും ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.പരിമിത സാഹചര്യങ്ങൾ ഉൾക്കൊണ്ടു വിദ്യാർത്ഥികൾ മാറുന്ന ലോക ക്രമത്തിൻ്റെ ഭാഗമാവുകയും ഫാഷൻ രംഗത്തു ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതും അത്യധികം അഭിമാനത്തോടെയാണു കാണുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു.
തമ്മനത്തും ഞാറക്കലും കളമശ്ശേരിയിലുമായി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മൂന്ന് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ നിലവിലുണ്ട്. ഈ സ്ഥാപനങ്ങളിലെ കുട്ടികൾ തമ്മിൽ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും ആത്മവിശ്വാസം കൂടാനും ഇങ്ങനെയൊരു വേദിയിലൂടെ സാധിച്ചു.
വിദ്യാർത്ഥികൾക്ക് അവസരത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നു കൊടുക്കേണ്ടതുണ്ട്. ബ്രാൻഡഡ് ആയിട്ടുള്ള വ്യാപാര രംഗത്തെ ഉടമകളെയും ഫാഷൻ രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് ജനുവരിയിൽ വിപുലമായ ഫാഷൻ ഷോ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്തെന്നും അതിന് മുന്നോടിയായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നും പ്രസിഡൻ്റ് പറഞ്ഞു.
പരിപാടിയിൽ വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷയായി. പ്രശസ്ത മോഡൽ ഷിയാസ് കരീം മുഖ്യാതിഥി ആയിരുന്നു. മെമ്പർമാർമാരായ ഷാരോൺ പനക്കൽ, ലിസി അലക്സ്, കെ വി അനിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷഫീക്ക്, പഞ്ചായത്ത് വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ജെ ജോയി, യുവജന ക്ഷേമ കോർഡിനേറ്റർ എസ് രഞ്ജിത്, ബിന്ദു വേലായുധൻ, വിവിധ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മേലധികാരികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments